ഇരട്ടക്കുട്ടികളെ വരവേറ്റ് താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
“ഞാനും നയനും അമ്മയും അമ്മയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളുടേയും പൂര്‍വികരുടെ അനുഗ്രഹങ്ങളുടേയും ഫലം രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ആശിര്‍വാദങ്ങള്‍ വേണം. ജീവിതം കുറച്ചുകൂടി വെളിച്ചമുള്ളതും ഭംഗിയുള്ളതുമാകുന്നു, ദൈവം വലിയവനാണ്,” വിഘ്നേഷ് കുറിച്ചു.
കഴിഞ്ഞ ജൂണില്‍ മഹാബലിപുരത്ത് വച്ചാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്.