തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് വിഘ്നേഷ്. 2022 ലെ ഏറ്റവും വിശേഷമേറിയ കാര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ ഷെയർ ചെയ്‌തിരിക്കുകയാണ് താരം. നയൻതാരയുമായുള്ള വിവാഹം, കണക്റ്റ് എന്ന ചിത്രം, കുട്ടികൾ ഉണ്ടായത് അങ്ങനെ നീളുന്നു വിഘ്നേഷിന്റെ സന്തോഷങ്ങൾ.
മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് വിഘ്നേഷ് കുറിച്ചതിങ്ങനെയാണ്. “അവരെ കാണുമ്പോൾ ഇടയ്ക്ക് എന്റെ കണ്ണുകൾ നിറയാറുണ്ട്. ഉമ്മ വയ്ക്കാൻ ചെല്ലുന്ന ഒരോ നിമിഷവും എന്റെ ചുണ്ടെത്തുന്നതിനു മുൻപ് കണ്ണുനീരാണ് അവരെ തൊടാറുള്ളത്”
ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്,” വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അൽഫോൺസ് പുത്രൻെറ സംവിധാനത്തിൽ മലയാള ചിത്രം ‘ഗോൾഡ്’, അശ്വിൻ ശരവണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണക്റ്റ്’ എന്നിവയാണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.