വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാരായി അഭിനയിച്ചത്.
മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിൽ ലഭിക്കുന്നത്. അതിനിടയിൽ ആരാധകർക്കൊപ്പം സിനിമ കാണാൻ നയൻതാരയും വിഘ്‌നേഷും തിയേറ്ററിൽ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവർക്കും ഒപ്പം വിജയ് സേതുപതിയും എത്തിയിരുന്നു.
തിയേറ്ററിൽ എത്തിയ നയൻതാരയും വിഘ്‌നേഷും വിജയ് സേതുപതിയും കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു.
ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് വിഘ്നേഷ് വാചാലനായിരുന്നു. ”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കൺമണി.”, അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
”നീ സ്‌ക്രീനിൽ തിളങ്ങുന്നത് കാണാൻ.. ഒരു സംവിധായകൻ എന്ന നിലയിൽ നിന്നിൽനിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകൾ ഇനിയും ചെയ്യും,” വിഘ്നേഷ് കുറിപ്പിൽ പറയുന്നു.