അഭിനയത്തിനൊപ്പം ബിസിനസ് രംഗത്ത് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചായ് വാല എന്ന ബിവറേജ് ബ്രാൻഡിലാണ് നയൻതാര നിക്ഷേപം നടത്തിയിരിക്കുകയാണ്.
നിരവധി നിക്ഷേപകരിൽ ഒരാളാണ് നയൻതാര എന്നും സ്റ്റോർ വിപുലീകരണത്തിന് വേണ്ടിയാണ് പുതിയ നിക്ഷേപകരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചായ് വാലയുടെ ഫൗണ്ടറായ വിദുർ മഹേശ്വരി പറയുന്നു. അഞ്ചു കോടി രൂപയാണ് പുതുതായി നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്. നയൻതാരയെ കൂടാതെ കൂട്ടുകാരനും സംവിധായകനുമായ വിഘ്നേഷ് ശിവനും പണം നിക്ഷേപിച്ചിട്ടുണ്ട്.
പുതിയ നിക്ഷേപത്തിൽ 80 ശതമാനത്തോളം സ്റ്റോറുകളുടെ വിപുലീകരണത്തിനായി ഉപയാഗിക്കുമെന്നും അടുത്ത വർഷത്തോടെ വിപുലീകരിച്ച 35 പുതിയ സ്റ്റോറുകളാണ് ലക്ഷ്യമെന്നും വിദുർ മഹേശ്വരി കൂട്ടി ചേർക്കുന്നു. 2018 ൽ ആരംഭിച്ച ചായ് വാലെയ്ക്ക് നിലവിൽ അണ്ണാനഗർ, കിൽപോക്ക്, ആൽവാർപേട്ട്, അഡയാർ എന്നിവടങ്ങളിലായി 20 ഔട്ട്ലെറ്റുകൾ ഉണ്ട്.
അതേസമയം, നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ‘നെട്രികണ്ണ്’ ഓടിടി റിലീസിന് ഒരുങ്ങുകയാണ്. കൊറിയൻ ത്രില്ലർ ചിത്രമായ ബ്ലൈൻഡിന്റെ റീമേക്ക് ആണ് ചിത്രമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 13ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. രജനീകാന്തിനൊപ്പം അഭിനയിക്കുന്ന അണ്ണാതെയാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു നയൻതാര ചിത്രം.