നയൻതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘കണക്റ്റ്’. ചിത്രത്തിന്റെ സ്പെഷൽ ഷോ ഇന്നലെ ചെന്നൈയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ നടന്നു. നയൻതാരയും വിഘ്നേഷ് ശിവനും പ്രീമിയർ ഷോ കാണാനായി എത്തിയിരുന്നു. കണക്റ്റ് പ്രീമിയറിനെത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റി’ന്റെ നിർമാതാക്കൾ. അശ്വിൻ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറർ മൂഡിലുള്ള ട്രെയിലർ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലും ‘കണക്റ്റ്’ റിലീസ് ചെയ്യും.
നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ‘ഗെയിം ഓവർ’ ആണ് അശ്വിന്റെ മറ്റൊരു ചിത്രം.