വിവാഹ മോചനം ആവശ്യപ്പെട്ട് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയ സിദ്ദിഖി വക്കീൽ നോട്ടീസ് അയച്ചു. ഇക്കാര്യം ആലിയ തന്നെ ഇന്ത്യൻ എക്‌സ്‌പ്രസിനോട് സ്ഥിരീകരിച്ചു.

“ഞാൻ അദ്ദേഹത്തിന് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്, പക്ഷേ അദ്ദേഹം മറുപടി നൽകിയിട്ടില്ല,” ആലിയ പറഞ്ഞു. വിവാഹ മോചനത്തിലേക്ക് നീങ്ങാനുള്ള കാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് നിലവിൽ അത് വെളിപ്പെടുത്താൻ തനിക്ക് കഴിയില്ലെന്നായിരുന്നു ആലിയയുടെ മറുപടി.

“പ്രശ്നങ്ങളെ കുറിപ്പ് ഇപ്പോൾ പറയാൻ എനിക്ക് സാധിക്കില്ല. പക്ഷെ കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട്. ഈ ലോക്ക്ഡൗണ്‍ സമയത്ത് ഞാൻ ഒരുപാട് ആലോചിച്ചു. അങ്ങിനെയാണ് വിവാഹ ബന്ധം അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിയത്. അദ്ദേഹം മുസാഫർപൂരിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഞാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. അതിനാൽ നിയമത്തിന്റെ വഴി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു,” ആലിയ പറഞ്ഞു.

Read More: നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനിൽ

ആലിയയുടെ അഭിഭാഷകനായ അഭയ് സഹായും ഇക്കാര്യം സ്ഥിരീകരിച്ചു.

“നവാസുദ്ദീൻ സിദ്ദിഖിക്ക് ഞങ്ങൾ നിയമപരമായി നോട്ടീസ് അയച്ചിട്ടുണ്ട്. 2020 മേയ് ഏഴിനാണ് ഞങ്ങളുടെ കക്ഷി ആലിയ സിദ്ദിഖി നോട്ടീസ് അയച്ചത്. കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം മൂലം സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയയ്ക്കാൻ സാധിച്ചില്ല. ഇ-മെയിൽ വഴിയും വാട്സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചത്. ഞങ്ങളുടെ കക്ഷിയും അദ്ദേഹത്തിന് നോട്ടീസ് വാട്സാപ്പ് വഴി നൽകിയിരുന്നു. എന്നാൽ നവാസുദ്ദീൻ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ടീസ് സംബന്ധിച്ച് അദ്ദേഹം മൗനം പാലിക്കുകയും അത് അവഗണിക്കുകയും ചെയ്യുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നും മിസ്റ്റർ സിദ്ദിഖിയേയും കുടുംബത്തേയും അത് ബാധിക്കുമെന്നും ഞാൻ പറയുന്നു,” അദ്ദേഹം വ്യക്തമാക്കി. ആലിയയ്ക്കും നവാസുദ്ദീൻ സിദ്ദിഖിയ്ക്കും ഒൻപതും, അഞ്ചും വയസ് പ്രായമുള്ള രണ്ടു മക്കളാണ് ഉള്ളത്.

വാർത്തയോട് നവാസുദ്ദീൻ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ നടൻ നവാസുദ്ദീൻ സിദ്ദിഖിയോടും കുടുംബത്തോടും പതിനാല് ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ്. നവാസുദ്ദീൻ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം യുപിയിലെ ബുദ്ധാനയിലെ കുടുംബവീട്ടിൽ എത്തിയത്.

Read in English: Nawazuddin Siddiqui’s wife Aalia Siddiqui seeks divorce, sends legal notice to actor

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook