/indian-express-malayalam/media/media_files/uploads/2019/01/nawazuddin-siddiqui-759.jpg)
പ്രേക്ഷകരുടെ ശ്രദ്ധ തന്റെ സിനിമകളില്‍ നിന്നും വ്യക്തി ജീവിതത്തിലേക്ക് വഴി മാറുമെന്നതിനാല്‍ വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. 2012ല്‍ പുറത്തിറങ്ങിയ 'ഗാങ്‌സ് ഓഫ് വസീപൂര്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ താരം, 2017ല്‍ തന്റെ ആത്മകഥ 'ആന്‍ ഓര്‍ഡിനറി ലൈഫ്' പുറത്തിറങ്ങിയതോടെ വിവാദ നായകനാകുകയായിരുന്നു.
ഋതുപര്‍ണ ചാറ്റര്‍ജിയുമായി ചേര്‍ന്നെഴുതിയ പുസ്തകത്തില്‍, മുന്‍ മിസ്സ് ഇന്ത്യയായ നിഹാരിക സിങ്, നടി സുനിത രജ്വര്‍ എന്നിവരുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് സിദ്ദിഖി എഴുതിയിരുന്നു. എന്നാല്‍ ഇവരുടെ അനുവാദമില്ലാതെയായിരുന്നു വെളിപ്പെടുത്തലുകള്‍.
എന്നാല്‍ പിന്നീട് അദ്ദേഹം പുസ്തകം പിന്‍വലിക്കുകയും പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള സ്ത്രീകളെ വിഷമിപ്പിച്ചതിന്റെ പേരില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
'ഞാന്‍ അതേ ആള്‍ തന്നെയാണ്. ഞാനൊരു അഭിനേതാവാണ്, എനിക്ക് ആ ജോലി ചെയ്യണം. എനിക്ക് അഭിനയിക്കണം. ആരെക്കുറിച്ചും ഒന്നും സംസാരിക്കാന്‍ താത്പര്യമില്ല, എന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പറയാന്‍ താത്പര്യമില്ല. ആളുകള്‍ അതില്‍ ശ്രദ്ധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ ജോലിയിലൂടെയാണ് ആളുകള്‍ എന്നെ അറിഞ്ഞതും ഞാന്‍ പ്രശസ്തനായതും. അതുകൊണ്ട് എനിക്ക് ആ ജോലിയില്‍ തന്നെ ശ്രദ്ധ പുലര്‍ത്തിയാല്‍ മതി,' നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.
തന്റെ ഭാര്യയെ അവരറിയാതെ നിരീക്ഷിക്കാന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഒരു സ്വകാര്യ ഡിറ്റക്ടീവിനെ വാടകയ്‌ക്കെടുത്തിരുന്നു എന്നൊരു ആരോപണം അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.
'എനിക്ക് വിഷമമൊന്നും ഇല്ല. എന്തിനാണ് മറ്റൊരാളുടെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധിക്കുന്നത് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സെലിബ്രിറ്റികളും മനുഷ്യരാണ്. ഓരോ ചെറിയ കാര്യങ്ങള്‍ക്കും എല്ലാവരും സെലിബ്രിറ്റികളെ കുറ്റം പറയാറുണ്ട്. അങ്ങനെ ചെയ്യരുത്. അവരും സാധാരണ മനുഷ്യരാണ്,' നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരായ മീ ടൂ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
'എനിക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല; എന്തിനാണ് വെറുതേ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതെന്നും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും തന്റെ കരിയറാണ് തനിക്ക് പ്രധാനമെന്നും നവാസുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കി. എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താത്പര്യമെന്നും അത് തന്നെ ബാധിച്ചാലും ഇല്ലെങ്കിലും തന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ താക്കറെ എന്ന ചിത്രമാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേതായി ഇനി റിലീസ് ചെയ്യുന്നത്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.