ന്യൂഡൽഹി: സഹ നടിമാരുമായുണ്ടായിരുന്ന രഹസ്യബന്ധം വെളിപ്പെടുത്തിയതിന്റെ പേരിൽ വിവാദത്തിലായ തന്റെ ആത്മകഥ പിൻവലിക്കുന്നതായി ബോളീവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി അറിയിച്ചു. പുസ്‌തകത്തിന്റെ പേരിൽ ആർക്കെങ്കിലും വേദയുണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

പുസ്‌തകത്തിലെ ചില പരാമർശങ്ങളുടെ പേരിൽ താരത്തിനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. നവാസുദ്ദീൻ സിദ്ദീഖി തന്റെ ‘ആൻ ഓർഡിനറി ലൈഫ്: എ മൊമോയിർ’ എന്ന ആത്മകഥയിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ‘മിസ് ലവ്‌ലി’ എന്ന സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച നിഹാരിക സിംഗുമായും മുൻ കാമുകി സുനിതാ രാജ്‌വാറുമായും തനിക്കുണ്ടായിരുന്ന രഹസ്യ ബന്ധത്തെക്കുറിച്ചായിരുന്നു ഇതിൽ പലതും.

പുസ്തകത്തില്‍ സിദ്ദീഖി അനുവാദമില്ലാതെ പേരെടുത്ത് പരാമര്‍ശിച്ച നിഹാരിക സിങ്ങും സുനിത രാജ്വറും ഇതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്‌കം വിറ്റഴിക്കാന്‍ നവാസുദ്ദീന്‍ സിദ്ദീഖി വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുകയാണെന്ന് ഇവര്‍ പ്രതികരിച്ചിരുന്നു.

തന്നെ അറിയിക്കുകയോ സമ്മതം ചോദിക്കുകയോ കൂടാതെയാണ് ജീവിതം പുസ്തകത്തിലെഴുതിയതെന്നും നീഹാരിക സിങ് പ്രതികരിച്ചിരുന്നു. പുസ്തകം വിറ്റഴിക്കുന്നതിനായി സിദ്ദീഖി സ്ത്രീയായതുകൊണ്ട് തന്നെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്യുകയുമാണെന്നും നടി പറഞ്ഞിരുന്നു.

‘നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പക്ഷെ ഇന്ന് അയാളെന്നെ മെഴുകുതിരികള്‍ കത്തിച്ച് മൃദുലമായ രോമക്കുപ്പായമിട്ട് കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചിരിക്കുകയാണ്. എന്നാൽ എനിക്കിതെല്ലാം കേട്ട് ചിരിയാണ് വരുന്നത്’ നിഹാരിക പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ