ബോളിവുഡിൽ നിന്നും മറ്റൊരു ബയോപിക് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ശിവസേന നേതാവ് ബാൽ താക്കറെയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയാണ് ബാൽ താക്കറെയെ അവതരിപ്പിക്കുന്നത്. പത്രപ്രവർത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാട്ട് കഥയെഴുതി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് പാൻസെയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസായി.
‘താക്കറെ’ എന്നു തന്നെയാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. നന്ദിതാ ദാസ് സംവിധാനം ചെയ്ത ‘മന്റോ’ എന്ന ബയോപിക് ചിത്രത്തിനു ശേഷം നവാസുദ്ദീൻ സിദ്ദിഖി അഭിനയിക്കുന്ന പുതിയചിത്രമെന്ന പ്രത്യേകതയും ‘താക്കറെ’യ്ക്കുണ്ട്. നവാസുദ്ദീൻ സിദ്ദിഖിയെ കൂടാതെ അമൃത റാവു, അബ്ദുൽ ഖാദർ അമിൻ, അനുഷ്ക ജാദവ്, ലക്ഷ്മൺ സിംഗ് രാജ്‌പുത്, നിരഞ്ജൻ ജാവിർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൃത റാവു ആണ് താക്കറെയുടെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ഹിന്ദിയിലും മറാത്തിയിലുമായി ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. കങ്കണ റാണത്തിന്റെ ‘മണികർണിക’യ്ക്ക് ഒപ്പം തന്നെയാണ് ‘താക്കറെ’യും റിലീസ് അവുന്നത്.
“വിവാദപരമായ കാര്യങ്ങളൊന്നും ചിത്രം ചർച്ച ചെയ്യുന്നില്ല. ബാൽ സാഹബിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. ജീവിതത്തിൽ ഒന്നും ഒളിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഈ ചിത്രത്തിലും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളൊന്നും തന്നെ ഞങ്ങൾക്ക് പുറത്തെടുത്തു കാണിക്കാനില്ല,” ‘താക്കറെ’യുടെ നിർമ്മാതാവും തിരക്കഥാകൃത്തുമായ സഞ്ജയ് റാട്ട് പറയുന്നു.
ചിത്രത്തിനു വേണ്ടി മറാത്തി ഭാഷയിൽ പ്രാവിണ്യം നേടിയിരിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. “ഈ കഥാപാത്രം ചെയ്യാൻ ശിവസേന എന്നെ സമീപിച്ചത് തന്നെ വലിയൊരു കാര്യമായി ഞാൻ കരുതുന്നു. ഞാനൊരു നടൻ മാത്രമാണ്. ഏറ്റവും മികച്ച രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഞാനെന്റെ സംവിധായകരുമായി സഹകരിക്കാറുണ്ട്. പക്ഷേ ‘താക്കറെ’ യാവാൻ അവരെന്നെ കണ്ടെത്തിയെന്നത് വലിയൊരു ഡീൽ ആണ്,” നവാസുദ്ദീൻ സിദ്ദിഖി പ്രതികരിക്കുന്നു.
ഒറ്റ ഫിലിമിൽ ഒതുക്കാനാവില്ല ബാൽ താക്കറെയുടെ ജീവിതമെന്നതിനാൽ ചിത്രത്തിന് സ്വീകൽ വേർഷനും പ്ലാൻ ചെയ്യുന്നുണ്ട് സഞ്ജയ് റാട്ട്. “ഒരൊറ്റ ഫിലിമിൽ താക്കറെ സാബിന്റെ ജീവിതം ഒതുക്കാനാവില്ല. അതുകൊണ്ട് ചിത്രത്തിന് മറ്റൊരു പാർട്ട് കൂടി ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രൊജക്റ്റ് എന്റെ സ്വപ്നമാണ്. അദ്ദേഹവുമൊത്തുള്ള ഓർമ്മകളിലേക്കു കൂടിയുള്ള എന്റെ തിരിച്ചുനടത്തമാണിത്. അദ്ദേഹത്തെ കൂടാതെ എനിക്കു ജീവിക്കാനാവില്ലെന്നു ഞാനെപ്പോഴും പറയുമായിരുന്നു, ഈ ചിത്രത്തിലൂടെ ഞാനെന്റെ ആഗ്രഹം സഫലീകരിക്കുകയാണ്,” സഞ്ജയ് റോട്ട് കൂട്ടിച്ചേർക്കുന്നു.