പിറന്ന നാടും പഠിച്ച സ്കൂളുമെല്ലാം ഓരോ മനുഷ്യനെ സംബന്ധിച്ചും നൊസ്റ്റാൾജിയ നിറഞ്ഞ ഓർമകളാണ്. താൻ പഠിച്ചുവളർന്ന സ്കൂളിന്റെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ അനുഭവം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. അമ്മൂമ്മയും അമ്മയും ഞാനും പഠിച്ച സ്കൂൾ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചത്.
“എന്റെ സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളനം. കോവിഡ് പ്രോട്ടോകോളുകൾ എല്ലാം പാലിച്ചു നടത്തിയ പരിപാടി. സ്കൂൾ ചാപ്പൽ, ഇവിടെ പരീക്ഷക്ക് ചോദ്യം എളുപ്പമാവണമെന്നും ഫുൾ മാർക്ക് കിട്ടണമെന്നും എത്രയോ പ്രാർത്ഥിച്ചിരിക്കുന്നു. കർത്താവിനും മാതാവിനും ഒരു സ്വസ്ഥത കൊടുത്തുട്ടില്ല. ഇന്നിതാ വീണ്ടും സ്കൂളിന്റെ നവതി ഉദ്‌ഘാടനം. ദൈവം മഹാനാണ്, എന്റെ അമ്മൂമ്മയും അമ്മയും പിന്നെ ഞാനും പഠിച്ച സ്കൂൾ. അച്ചടക്കം, സ്നേഹം, പരിഗണന, സഹാനുഭൂതി ഒക്കെ പഠിപ്പിച്ച വിളനിലം – ബഥനി ബാലികമഠം,” നവ്യ കുറിക്കുന്നു.
എന്റെ സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളനം .. covid പ്രോട്ടോകോളുകൾ എല്ലാം പാലിച്ചു നടത്തിയ പരിപാടി ..
swipe next …..Posted by Navya Nair. on Thursday, February 11, 2021
Read more: ബെറ്റിൽ തോറ്റ് നവ്യ; ചിരിയുണർത്തുന്ന വീഡിയോ പങ്കുവച്ച് താരം
അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.