നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ വിശേഷങ്ങളും ഫൊട്ടോകളുമെല്ലാം ഇടയ്ക്കിടെ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി വളരെ രസകരമായ ഒരു പോസ്റ്റാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

കുമ്പളങ്ങിയിൽ ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. അതിനിടെ ഉണ്ടായ രസകരമായൊരു സംഭവമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷനിൽ കണ്ട ഒരു ചേട്ടൻ നവ്യയോട് പേരെന്താ മോളെ എന്ന് ചോദിക്കുന്നിടത്താണ് സംഗതി തുടങ്ങുന്നത്.

ചേട്ടൻ: മോളേ പേരെന്താ..
ഞാൻ: നവ്യ നായർ

ചേട്ടൻ: നവ്യ നായർ ഫസ്റ്റോ അതോ സെക്കൻഡോ വല്ലോരും വന്നോ..
ഞാൻ: ഇല്ല ചേട്ടാ ഞാൻ പഴയ അതേ ആള് തന്നെയാ.. (മര്യാദയ്ക് കണ്ണട മാറ്റി) ചേട്ടനും എനിക്കും ആനന്ദം .. ഞാൻ സെൽഫിയെടുത്തു…

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മഞ്ജു വാര്യരും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കിയിരുന്നു. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ഒ’രുത്തീ’യുടെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ‘ഒരുത്തീ’യുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Read More: പ്രിയ വാര്യരും നവ്യ നായരും; ‘ഒരുത്തീ’യുടെ ലൊക്കേഷനിൽ നിന്ന്

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്കെത്തിയത്. ‘നന്ദനം’ ആണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചു.

2010 ൽ വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിലേക്കെത്തി. വിവാഹശേഷം ചില കന്നഡ ചിത്രത്തിലും മലയാളത്തിൽ ‘സീൻ ഒന്നു നമ്മുടെ വീട്’ എന്ന സിനിമയിലും നവ്യ അഭിനയിച്ചു. സിനിമയിൽ സജീവമല്ലായിരുന്നുവെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സ്ഥിരം സാന്നിധ്യമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook