അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നവ്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഏതാനും ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ബോർഡറുകളുള്ള മ്യൂറൽ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞുള്ള ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. ആലപ്പുഴയിലെ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ലോക്ക്ഡൗൺനാളുകളിൽ നവ്യ. ഡാൽഗോണ കോഫിയും ചക്കകുരു ഷേക്കും തുടങ്ങി ലോക്ക്ഡൗൺകാല പരീക്ഷണങ്ങളുടെ വിശേഷങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.