സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍. നര്‍ത്തകി കൂടിയായ നവ്യയ്ക്കായി നടരാജനും ചിലങ്കയുമൊക്കെ ഉള്‍പ്പെടുന്ന ഡിസൈനിലുളള കേക്കാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്. മകനും സുഹൃത്തുക്കള്‍ക്കും ഒപ്പമുളള നവ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ മന്മയി’,എന്ന പേരിലുളള ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ നവ്യ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൃഷ്ണന്റെ സ്‌നേഹിതയായ രാധയുടെ മറ്റൊരു പേരാണ് മന്മയി എന്നത്. നവ്യയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ട് അനവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു.
ജീവിതത്തിലും ഒരു കൃഷ്ണഭക്തയാണ് നവ്യ. തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്താൻ നവ്യ സമയം കണ്ടെത്താറുണ്ട്.മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് ‘നന്ദന’ത്തിലെ ബാലാമണി. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്. സ്വപ്നവും മിത്തും ഇടകലരുന്ന ചിത്രം കൃഷ്ണഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്.
വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.
മാതംഗി എന്ന പേരു നല്‍കിയ നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്. കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന സ്ഥാപനം വിജയദശമി ദിനത്തിലാണ് തുടക്കം കുറിച്ചത്.