മലയാള സിനിമയിൽ താരങ്ങൾ പ്രതിഫലം കൂട്ടി ചോദിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നിർമാതാക്കൾക്കിടയിൽ നടക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ പല സംഘടനകളും പരസ്യമായി ഉയർത്തുകയും ചെയ്തു. പ്രമുഖ താരങ്ങൾ കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നതിൽ നിന്ന് പിന്മാറണം എന്നാണ് നിർമാതാക്കളിൽ പലരുടെയും ആവശ്യം.
ഇതിനിടയിൽ നടി നവ്യ നായർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ ഓൺലൈനു വേണ്ടി നവ്യ നൽകിയ അഭിമുഖത്തിലാണ് താനും വിലക്ക് നേരിട്ടുണ്ടെന്ന കാര്യം താരം വെളിപ്പെടുത്തിയത്. ‘പട്ടണത്തിൽ സുന്ദരൻ’ എന്ന ചിത്രത്തിനു വേണ്ടി കൂടുതൽ പ്രതിഫലം ചോദിച്ചു എന്നതായിരുന്നു കാരണം. അമ്മ സംഘടനയും തന്നെ ഇതിനെ ചൊല്ലി വിലക്കിയെന്നും നവ്യ പറയുന്നു.
എന്നാൽ അത് വെറും ആരോപണം മാത്രമായിരുന്നെന്നും പിന്നീട് തെളിഞ്ഞ ശേഷം വിലക്കു നീക്കിയെന്നും നവ്യ പറഞ്ഞു. തന്റെ ഭാഗം കേൾക്കുന്നതിനു മുൻപാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഒരുകാലത്ത് തന്നെ ബാൻഡ് ക്വീൻ എന്നാണ് വിളിച്ചിരുന്നതെന്നും നവ്യ പറയുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.
നവ്യ നായർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജാനകി ജാനേ.’ അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്നു. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ ‘ജാനകി ജാനേ’യിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.