‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നടി നവ്യയും വിനായകന്റെ പരാമർശത്തിൽ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകന് വി.കെ.പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ പ്രതികരണം.
വിനായകന്റെ വാക്കുകളോട് എന്തുകൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല എന്നായിരുന്നു ഒരാൾ ലൈവിൽ നവ്യയോട് ചോദിച്ചത്. ഇതിനു അപ്പോഴൊന്നും തനിക്ക് പ്രതികരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നാണ് നവ്യ പറഞ്ഞത്.
‘ഒരുത്തീ’ സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് മീ ടൂ സംബന്ധിച്ച ചോദ്യത്തിന് വിനായകൻ വിവാദമായ പരാമർശം നടത്തിയത്. “എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. അവർക്ക് താത്പര്യമില്ലെങ്കിൽ അവർ നോ പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല,” എന്നായിരുന്നു വിനായകന്റെ വാക്കുകൾ.
പത്രസമ്മേളനത്തിൽ പങ്കെടുത്ത ഒരു മാധ്യമപ്രവർത്തകയ്ക്ക് നേരെ കൈ ചൂണ്ടി ആ “പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ചോദിക്കും, അവർ നോ പറയുകയാണെങ്കിൽ ഓകെ,” എന്ന് പറഞ്ഞാണ് വിനായകൻ തന്റെ വാദത്തെ സമർത്ഥിച്ചത്.