അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും മികവ് തെളിയിച്ചിട്ടുള്ള താരമാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമാകുകയാണ്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട് നവ്യ. നൃത്ത പരിപാടികളും, സ്കൂളുകളെല്ലാമായി തിരക്കിലാണിപ്പോൾ താരം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് ആരാധകർക്കൊപ്പം ചിത്രങ്ങെളെടുക്കുന്ന നവ്യയുടെ വീഡിയോകൾ ഏറെ വൈറലായിരുന്നു. അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുറച്ച് കുട്ടികൾക്കും, ഒരു യുവതിയ്ക്കുമൊപ്പം നിന്ന് ചിത്രമെടുക്കുന്ന നവ്യയെ വീഡിയോയിൽ കാണാം. ചിത്രമെടുക്കാൻ നിൽക്കുമ്പോൾ നവ്യ തന്റെ അടുത്ത് നിൽക്കുന്ന യുവതിയുടെ പ്രായം ചോദിക്കുന്നുണ്ട്.
തനിക്ക് 36 വയസുണ്ടെന്ന് അവർ പറയുമ്പോൾ അതു കേട്ട് ആശ്ചര്യപ്പെടുന്ന നവ്യയെ വീഡിയോയിൽ കാണാം.’അപമാനിച്ചു കഴിഞ്ഞോ’ എന്ന് യുവതി തമാശപൂർവം ചോദിക്കുമ്പോൾ ‘അത് ക്രെഡിറ്റാണെ’ന്നാണ് നവ്യ പറയുന്നത്. എല്ലാവരോട് ഇത്ര ഫ്രെണ്ട്ലിയായി പെരുമാറുന്ന നവ്യയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ പുതിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്ട്ട്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. ‘മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.