രക്ഷാബന്ധൻ ദിനത്തിൽ നടി നവ്യ നായർ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും അതിന് അനിയൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. “രക്ഷാബന്ധൻ ദിനത്തിൽ ഞാനും അനിയനും. രാഖി ഇല്ലാത്തതിനാൽ നോ രക്ഷ എന്ന് ബ്രദർ അറിയിച്ചതിനാൽ ഈ പിക് രാഖി ആയി സ്വീകരിച്ചു എന്റെ റിട്ടേൺ ഗിഫ്റ്റ് പ്രതീക്ഷിക്കുന്നു… ഹായ് എന്തു നല്ല ആചാരങ്ങൾ,” എന്നാണ് സഹോദരന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് നവ്യ കുറിച്ചത്.
തൊട്ടുപിറകെ നവ്യയുടെ സഹോദരൻ രാഹുലിന്റെ മറുപടിയുമെത്തി, “അടിപൊളി. ലവ് യൂ ചേച്ചി… ദയവായി ഈ സമ്മാനം സ്വീകരിക്കുക, സമ്മാനം തുറന്നുനോക്കി ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കുമല്ലോ?” ഗിഫ്റ്റ് ഇമോജി പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ചോദ്യം.
ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. ആലപ്പുഴയിലെ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ലോക്ക്ഡൗൺനാളുകളിൽ നവ്യ. ഡാൽഗോണ കോഫിയും ചക്കകുരു ഷേക്കും തുടങ്ങി ലോക്ക്ഡൗൺകാല പരീക്ഷണങ്ങളുടെ വിശേഷങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു.
Read more: പാചകം, വ്യായാമം, വായന, കവിത; താരങ്ങളുടെ ലോക്ക്ഡൗൺ കാല ജീവിതം
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.