അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും മികവ് തെളിയിച്ചിട്ടുള്ള താരമാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമാകുകയാണ്. സിനിമയിൽ മാത്രമല്ല നൃത്തലോകത്തും തന്റെ സാന്നിധ്യം നിരന്തരമായി അറിയിക്കുന്നുണ്ട് നവ്യ. നൃത്ത പരിപാടികളും, സ്ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോൾ താരം. അസ്തമയ സൂര്യനു മുന്നിൽ നിന്ന് നടരാജ മുദ്രകൾ ചെയ്യുന്ന നവ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫൊട്ടൊഗ്രാഫറായ റിഷ്‌ലാൽ ഉണ്ണികൃഷ്ണ്നാണ് ചിത്രങ്ങൾ പകർത്തിയത്. കറുത്ത പശ്ചാത്തലത്തിൽ ചിത്രം പകർത്തുന്ന രീതിയായ സിലുവടാണ് റിഷ്‌ലാൽ പരീക്ഷിച്ചിരിക്കുന്നത്. ആരാധകരുടെ കമന്റുകളിൽ നിന്ന് വ്യക്തമാണ് എത്രത്തോളം മനോഹരമാണ് ചിത്രമെന്നത്.
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. ‘മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.