നവ്യ നായർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജാനകി ജാനേ.’ അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സോഷ്യൽ മീഡിയ ആരാധകർക്കിടയിൽ ടീസർ വൈറലാവുകയാണ്.
“ചേട്ടാ എനിക്ക് ലൈറായിട്ട് പേടിയുടെ ഒരു പ്രശ്നമുണ്ട്” എന്ന നവ്യയുടെ വാക്കുകളിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് ലൈറ്റ് ഓഫ് ചെയ്യാൻ വരുന്ന നവ്യയെ വീഡിയോയിൽ കാണാം. കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന ഗാനം പാടി വന്നാണ് താരം ലൈറ്റ് ഓഫ് ചെയ്യുന്നത്. തിരിച്ച് ഇരുട്ടത്ത് നടന്നു പോകുമ്പോൾ കൃഷ്ണായെന്ന് ഉറക്കെ വിളിച്ച് ഓടുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വിധത്തിലാണ് നവ്യയുടെ പ്രകടനം. ഇതൊരു കോമഡി ചിത്രമാണോ എന്ന ചോദ്യങ്ങളും ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ ‘ജാനകി ജാനേ’യിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.