ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി.പി. മാധവനെ കണ്ട് വികാരാധീനയായി നവ്യ നായർ. ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങാനായി പത്തനാപുരം ഗാന്ധിഭവനിൽ എത്തിയതായിരുന്നു നവ്യ. തനിക്കൊപ്പം നിരവധി സിനിമകളിൽ വേഷമിട്ട ടിപി മാധവൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് അറിയില്ലായിരുന്നുവെന്നും അപ്രതീക്ഷിതമായി കണ്ടപ്പോൾ ഷോക്കായെന്നും നവ്യ കൂട്ടിച്ചേർത്തു.
“ഇവിടെ വന്നപ്പോൾ ടിപി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെയായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോൾ വലിയൊരു ഷോക്കായിരുന്നു. എന്റെ കണ്ണൊക്കെ നിറഞ്ഞു,” നവ്യ പറഞ്ഞു.
“മാതാപിതാ ഗുരു ദൈവം എന്ന് ചെറിയ ക്ലാസ്സിൽ നമ്മൾ പഠിക്കുന്നുണ്ട്. അന്നു മുതൽ ഇന്നോളം എന്റെ അച്ഛനേക്കാളും അമ്മയേക്കാളും മുകളിൽ ഞാനാരെയും കണക്കാക്കിയിട്ടില്ല. അങ്ങനെയല്ലാതെ താമസിക്കുന്ന ഒരുപാട് അച്ഛനമ്മമാരുണ്ട് ഇവിടെ. തന്റേതല്ലാത്ത കാരണത്താൽ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്. അവർക്കായി എന്തു ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. എന്റെ പരിമിതികളിൽ നിന്നുകൊണ്ട് അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.’’
ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും നവ്യ ഏറ്റുവാങ്ങി.