നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നവ്യ നായർ. വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു താരത്തെ പരിചയപ്പെടുത്തുകയാണ് നവ്യ നായർ.
തൃശൂർ കുന്നംകുളത്ത് വീടു ജപ്തി ചെയ്യുന്നതിനിടയിൽ പൊലീസ് സംഘത്തെ തടയാൻ ശ്രമിക്കുകയും ഒപ്പം താൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ കയ്യിൽ അടക്കി പിടിക്കുകയും ചെയ്ത് വാർത്തകളിലൂടെ ശ്രദ്ധനേടിയ ആദിത്യൻ എന്ന കുട്ടിയെയാണ് നവ്യ പരിചയപ്പെടുത്തുന്നത്. ആദിത്യന്റെ അന്നത്തെ ചിത്രങ്ങൾ പങ്കുവച്ച് ഇൻസ്റ്റാഗ്രാമിലാണ് നവ്യയുടെ പോസ്റ്റ്.
“ഇത് ആദിത്യൻ. എന്റെ (മണിയുടെ) സ്വന്തം അപ്പു. ആദിത്യനെ നിങ്ങൾക്കും അറിയാം… 2019 ഒക്ടോബർ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു. കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു. അച്ഛനും അമ്മയും സ്ഥലത്തില്ല. നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു… വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു ..
പോലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു… പോലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി “നിയമം നടപ്പിലാക്കുന്നു.” ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു. ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്. ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി. അന്നു വൈകിട്ട് അത് ഒരു വാർത്തയായി.
പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.! സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല! ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു.
ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു…” മണീ…(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി ” സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി. എന്റെ കണ്ണു നിറഞ്ഞു . ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..? വി.കെ. പി യും നാസർ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു.
ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി. ക്യാമറക്കു മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു . അവന്റെ ആദ്യ സിനിമയാണ് ഒരുത്തി. വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്ഒരുത്തി. ഒപ്പം ഉണ്ടാവണം.” നവ്യ കുറിച്ചു.
Also Read: ഐശ്വര്യ ‘അർച്ചന’യായത് ഇങ്ങനെ; വീഡിയോ
മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന് ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന് ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ. ‘ദ ഫയര്‍ ഇന്‍ യു’ എന്ന ടാഗ് ലൈനിലാണ് ‘ഒരുത്തീ’ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്.
ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോളാണ് എഡിറ്റർ. രംഗനാഥ് രവി സൗണ്ട് ഡിസൈൻ.