നവ്യയെന്നോർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് ഗുരുവായൂരപ്പന്റെ കടുത്ത ആരാധികയായ നന്ദനത്തിലെ ബാലാമണി. ജീവിതത്തിലും ഒരു കൃഷ്ണഭക്തയാണ് നവ്യ. തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്താൻ നവ്യ സമയം കണ്ടെത്താറുണ്ട്.
ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തിയതിനു ശേഷം നവ്യ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും, ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും,” നവ്യ കുറിക്കുന്നു.
മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് ‘നന്ദന’ത്തിലെ ബാലാമണി. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്. സ്വപ്നവും മിത്തും ഇടകലരുന്ന ചിത്രം കൃഷ്ണഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്.
വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.