കുടുംബത്തോടൊപ്പം ഗ്രീസിൽ അവധി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നവ്യ യാത്രാചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.
നവ്യയുടെ അച്ഛനമ്മമാരെയും മകനെയും ചിത്രങ്ങളിൽ കാണാം. ഏദൻസിൽ നിന്നുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്തത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നവ്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജാനകി ജാനേ’ തിയേറ്ററിൽ പ്രദർശനം തുടരുമ്പോഴാണ് നവ്യയുടെ ഈ യാത്ര എന്നത് ശ്രദ്ധേയമാണ്.
അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ജാനകി ജാനേ.’ സൈജു കുറുപ്പാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.