ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെൺകുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർത്ഥിച്ചുകൊണ്ട് അടുത്തിടെ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ആ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ മുന്നോട്ട് വന്ന് സൗമ്യയ്ക്ക് സഹായവാഗ്ദാനങ്ങൾ നൽകുകയും സൗമ്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാവുകയും ചെയ്തു. ഇപ്പോഴിതാ, സൗമ്യയെ സഹായിക്കാൻ മുന്നോട്ട് വന്നവർക്ക് നന്ദി പറയുകയാണ് നവ്യ.
“കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പേരിലൊരു പോസ്റ്റ് ഇട്ടിരുന്നു. ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ സാധിക്കുകയാണ്. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആണ് സൗമ്യ ഇപ്പോഴുള്ളത്. ഇന്ന് രാവിലെ സർജറിയാണ്. ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാർത്ഥനയാണ്. വീണ്ടും അവൾ പാടുന്നതും അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ്. എല്ലാവരും പ്രാർഥിക്കണം .. സഹായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് ഡോ.എം.കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓർക്കുന്നു,” നവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും…
Posted by Navya Nair. on Tuesday, November 10, 2020
കഴിഞ്ഞ ജൂണിലായിരുന്നു സൗമ്യയ്ക്ക് സഹായം അഭ്യർത്ഥിച്ച് നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.
“ഈ ഒരു പ്രവർത്തിയാണ് നിങ്ങളെ മറ്റുള്ള സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. സൗമ്യയെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ,” എന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Read more: ആനന്ദലബ്ധിക്കിനിയെന്തു വേണം; കൂട്ടുകാരെ കണ്ട സന്തോഷത്തിൽ നവ്യ നായർ