ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ നായികയായ ‘ഒരുത്തീ’ വെള്ളിയാഴ്ചയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഒരുത്തീ’യുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ അതിഥിയായി എത്തിയ നവ്യയുടെ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
നവ്യയെന്ന അഭിനേത്രിയ്ക്ക് ഗംഭീരമായ വരവേൽപ്പാണ് സംവിധായകൻ വികെപി ഒരുത്തീയിലൂടെ നൽകിയത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് വികെപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
Read more: Oruthee Movie Review & Rating: പവർഫുൾ പ്രകടനവുമായി നവ്യ നായർ; ‘ഒരുത്തീ’ റിവ്യൂ
കുടുംബ ബന്ധങ്ങളുടെയും ഒരു സ്ത്രീയുടെ അതീജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ശക്തവും വ്യത്യസ്തവുമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം, എഡിറ്റിംഗ് ലിജോ പോൾ. ഗോപി സുന്ദറും തകര ബാൻഡുമാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.