മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഷോയാണ് കിടിലം. വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയാണ് കിടിലം എന്ന പരിപാടിയൂടെ സംഘാടകർ ഉദ്ദേശിക്കുന്നത്. അഭിനേതാക്കളായ മുകേഷ്, നവ്യ നായർ ഗായിക റിമി ടോമി എന്നിവരാണ് ഷോയിലെ വിധികർത്താക്കൾ. പരിപാടി അവതരിപ്പിക്കാനെത്തിയ യുവാവിന്റെ പേരിലെ വ്യത്യസ്ത്ഥതയെ കുറിച്ച് ചർച്ച ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കളരി പ്രകടനുമായി എത്തിയതാണ് യുവാവും സംഘവും. പേര് പറഞ്ഞ് പരിചയപ്പെടുത്തുന്ന സമയത്താണ് യുവാവിന്റെ പേരിൽ താരങ്ങളുടെ ശ്രദ്ധ ഉടക്കിയത്. ഓജസ് ഈഴവൻ എന്നാണ് യുവാവിന്റെ പേര്. എന്തുകൊണ്ടാണ് അങ്ങനെ പേര് നൽകിയതെന്ന് മുകേഷ് ചോദിക്കുന്നുണ്ട്. പാർവതി നായർ, പാർവതി നമ്പൂതിരി, ആകാശ് എസ് വർമ എന്ന് ഇടാമെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടായെന്നാണ് യുവാവിന്റെ മറുചോദ്യം. സ്വയം നൽകിയ പേരാണോയെന്ന് നവ്യ ചോദിക്കുമ്പോൾ അതെയെന്നുള്ള മറുപടിയും ഓജസ് നൽകുന്നുണ്ട്.
യുവാവിനെ എതിർത്തും പിന്തുണച്ചുമുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്തിനാണ് ജാതി വാൽ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ ചിലർ അത് നല്ല തീരുമാനമായും പറയുന്നു. എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഇതിനു മുൻപും കിടിലം ഷോയിലെ വീഡിയോകൾ വൈറലായിട്ടുണ്ട്. നവ്യ നായർ പറഞ്ഞ കാര്യം ട്രോൾ രൂപത്തിലാക്കിയ വീഡിയോയാണ് ശ്രദ്ധ നേടിയത്.