ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് പരാമര്‍ശം നടത്തിയ നവ്ജ്യോത് സിങ് സിദ്ദുവിനെ കപില്‍ ശര്‍മ ഷോയില്‍ നിന്നും പുറത്താക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിദ്ദുവിന്റെ പരാമര്‍ശത്തില്‍ സോണി ടിവി ചാനലിന് പഴി കേള്‍ക്കേണ്ടി വരുന്നതായും അനാവശ്യമായ വിവാദത്തിലേക്ക് പരിപാടിയെ കൂടി വലിച്ചിഴക്കുന്നതായും കാണിച്ചാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്.

ഇതിന് പിന്നാലെ സിദ്ദുവിന് പകരം അര്‍ച്ചന പൂരന്‍ സിങ്ങിനെ വച്ച് പരിപാടി ചിത്രീകരിക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യങ്ങളെ കുറ്റം പറയാനാവില്ലെന്നാണ് സിദ്ദു പറഞ്ഞത്. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സംശയാസ്പദമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഭീകരര്‍ക്ക് മതമോ വിശ്വാസമോ ഇല്ല. നല്ലവരും മോശമായവരും വൃത്തികെട്ടവരും ആണ് ഉളളത്. എല്ലാ സംവിധാനങ്ങളിലും അത്തരക്കാരുണ്ട്. എല്ലാ രാജ്യങ്ങളിലും അത്തരക്കാരുണ്ട്. അത്തരം വൃത്തികെട്ടവര്‍ ശിക്ഷിക്കപ്പെടണം. പക്ഷെ ഇത്തരം ആക്രമണങ്ങള്‍ക്ക് വ്യക്തികളെ കുറ്റം പറയരുത്,’ എന്നായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം.

അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ സോഷ്യൽ മീഡിയയില്‍ രോഷം പുകഞ്ഞു. സിദ്ദുവിനെ കപില്‍ ശര്‍മ ഷോയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നു. നേരത്തെയും സിദ്ദുവിന് പകരം അര്‍ച്ചനയെ വച്ച് പരിപാടി നടത്തിയിട്ടുണ്ട്. അന്ന് സിദ്ദുവിന് അസുഖം ആയതിനാലായിരുന്നു അര്‍ച്ചനയെ കൊണ്ടുവന്നിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook