മുംബൈ: ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് ഏറെ​ സന്തോഷം പകരുന്ന ഒരു ദിവസമായിരുന്നു ഇന്നലെ. രാജ്യത്തെ ആദ്യത്തെ സിനിമാമ്യൂസിയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിവസം. മുംബൈ പെഡാർ റോഡിലാണ് നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ എന്ന മ്യൂസിയം സ്ഥിതിചെയ്യുന്നത്. ദക്ഷിണ മുംബൈയിലെ പൗരാണിക ബംഗ്ലാവായ ഗുൽഷൻ മഹലാണ് മ്യൂസിയമായി മാറ്റിയിരിക്കുന്നത്. മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. പ്രധാനമന്ത്രിയ്ക്ക് ഒപ്പം വാർത്താവിതരണവകുപ്പ് മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. എ ആർ റഹ്മാൻ, ആശാ​ഭോസ്‌ലെ,ആമിർഖാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ശ്യാംബെനഗൽ തലവനായ ഉപദേശകസമിതിയും പ്രസൂൺ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും നേതൃത്വത്തിൽ 140.61 കോടി രൂപ ചെലവഴിച്ചാണ് ഈ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ഗുൽഷൻ മഹൽ മ്യൂസിയമാക്കി മാറ്റിയതിനൊപ്പം തന്നെ സമീപത്തായി​ ഒരു അഞ്ചുനിലകെട്ടിവവും നിർമ്മിച്ചിട്ടുണ്ട്. കോൺഫറൻസ് ഹാളുകൾ, പ്രിവ്യൂ തിയേറ്ററുകൾ എന്നിവയും മ്യൂസിയത്തോട് ചേർന്നു വരുന്നുണ്ട്. നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയമാണ് ഈ മ്യൂസിയം ഡിസൈൻ ചെയ്കിരിക്കുന്നത്.

ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നതെന്ന് എൻബിസിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനൂപ്‌ കുമാർ മിത്തൽ പറയുന്നു. ‘രാജാഹരിശ്ചന്ദ്ര’ (1913) മുതലുള്ള ഇന്ത്യൻ സിനിമയുടെ ചരിത്രം മ്യൂസിയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook