മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മണിച്ചിത്രത്താഴ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യപുത്രിക്ക്, നോക്കെത്താദൂരത്ത് കണ്ണുുംനട്ട് തുടങ്ങി മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന എത്രയോ സിനിമകൾ. ഫാസിൽ മലയാളിക്ക് സമ്മാനിച്ച പുണ്യമാണ് മോഹൻലാൽ എന്നെല്ലാവരും പറയാറുണ്ട്. കാരണം അദ്ദേഹം സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം എന്നതു തന്നെ.
എന്നാൽ ഫാസിൽ മലയാളിക്ക് തന്ന മറ്റൊരു പുണ്യമുണ്ട്. അത് അദ്ദേഹത്തിന്റെ മകൻ ഫഹദ് ഫാസിൽ ആണ്. ഫാസിലിൽ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’ എന്ന ചലച്ചിത്രത്തിലൂടെ 2002ൽ നായകനായിട്ടായിരുന്നു ഫഹദിന്റെ സിനിമാ അരങ്ങേറ്റം. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഇന്ന് മലയാള സിനിമയിൽ ഏത് വേഷവും ഏൽപ്പിക്കാമെന്ന് സംവിധായകർക്ക് ധൈര്യമുള്ള നടനായി ഫഹദ് മാറി. മഹേഷ് ആകാനും ഷമ്മിയാകാനും എബിയാകാനും അനായാസേന സാധിക്കുന്ന താരം.
എന്നാൽ ‘കൈയെത്തും ദൂരത്തിനും’ മുൻപ് ഫാസിലിന്റെ ചിത്രത്തിൽ ഒരു ചെറിയ സീനിൽ ഫഹദ് ബാലതാരമായി മുഖം കാണിച്ചിട്ടുണ്ട്. മമ്മൂട്ടിയും ശോഭനയും പ്രധാന വേഷത്തിലെത്തിയ ‘പപ്പയുടെ സ്വന്തം അപ്പൂസ്’ (1992) എന്ന ചിത്രത്തിൽ കുട്ടി ഫഹദിനെയും കാണാം. ചിത്രത്തിലെ ഒരു പാർട്ടി സീനിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. ഒരു താരമാകാനല്ല, നടനാകാനാണ് എന്നും ഫഹദ് ശ്രമിക്കുന്നത്.
താരസിംഹാസനങ്ങൾ ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ഒരു അഭിനേതാവല്ല ഫഹദ് എന്നു പറയേണ്ടി വരും, ഫഹദിന്റെ ഇതു വരെയുള്ള ‘ഫിലിമോഗ്രാഫി’ പരിശോധിക്കുമ്പോൾ. ഒരു നടന്റെ അഭിനയ സാധ്യതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ മുതലിങ്ങോട്ട് പ്രകടമായി കാണാവുന്ന, വ്യത്യസ്ത കഥാപാത്രങ്ങൾക്കു പിറകെയുള്ള ഫഹദിന്റെ യാത്ര അടയാളപ്പെടുത്തുന്നതും ഫഹദിലെ ‘ഫ്‌ളെക്സിബിൾ’ ആയ നടനെ തന്നെയാണ്.
Read more: എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു