അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവി തിരഞ്ഞെടുക്കപ്പെട്ടു. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ‘മോം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്രീദേവിക്ക് അവാര്‍ഡ്. മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ കലാകാരിയാണ് ശ്രീദേവി. മാത്രമല്ല, ആദ്യമായാണ് ശ്രീദേവിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നതും.

സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍  മരണാനന്തരം നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിയ്ക്ക് അവാര്‍ഡ് നല്‍കിയതോടെ ആ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാകും ശ്രീദേവി.

 

കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥയാണ് ‘മോം’. ചിത്രത്തില്‍ ശ്രീദേവിയ്‌ക്കൊപ്പം നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാനി താരങ്ങളായ അദ്‌നാന്‍ സിദ്ദിഖി, സജല്‍ അലി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് വേളയില്‍ തന്നെ ശ്രീദേവിയുടെ പ്രകടനത്തെക്കുറിച്ച് വലിയ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

അഞ്ചു ദശാബ്ദങ്ങളോളം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ അഭിനയത്തികവിന്റെ പര്യായമായി നില കൊണ്ട ശ്രീദേവിയ്ക്ക് ഇതുവരെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടില്ല. അസാമാന്യ അഭിനയ പാടവം കാഴ്ചവച്ച ‘സദ്മ’യില്‍ പോലും അവര്‍ പരിഗണിക്കപ്പെട്ടില്ല. പിന്നീടുള്ള ശ്രീദേവിയുടെ താര പരിവേഷമാര്‍ന്ന സിനിമാ ജീവിതത്തില്‍ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ തക്കവണ്ണമുള്ള, കാമ്പുള്ള കഥാപാത്രങ്ങളും ഉണ്ടായിരുന്നില്ല.

ഫീച്ചര്‍ ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ ആണ്. ശ്രീദേവി നായികയായി അഭിനയിച്ച ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ‘ഐക്കോണിക്ക്’ ചിത്രത്തിന്റെ സംവിധായകനാണ് ശേഖര്‍ കപൂര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ