/indian-express-malayalam/media/media_files/uploads/2019/09/santhosh-vinesh-1.jpg)
രണ്ട് പതിറ്റാണ്ടിന് ശേഷം മികച്ച കലാസംവിധായകനുള്ള ദേശീയപുരസ്കാരം (National Film Award for Best Production Design) രണ്ടാം വര്‍ഷം തുടര്‍ച്ചയായി കേരളത്തിന് ലഭിക്കുകയാണ്. 'ബാഹുബലി' ഉള്‍പ്പടെ രാജ്യത്ത് ബ്രഹ്മാണ്ഡചിത്രങ്ങളിറങ്ങിയ വര്‍ഷങ്ങളിലാണ് ഇരുപത്തിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ പുരസ്കാരം വണ്ടി കയറി കേരളത്തിലേക്ക് വന്നത്. അടുത്ത വര്‍ഷവും അത് തുടര്‍ന്നു. വലിയ ചിത്രങ്ങളെ പിന്തള്ളി ചെറിയ മലയാളം മികവിന്റെ പടികളില്‍ ഒരിക്കല്‍ കൂടി തലയുയര്‍ത്തി നിന്നു.
സന്തോഷ് രാമന്‍ (ടേക്ക് ഓഫ് - 2017), വിനെഷ് ബംഗ്ലന്‍ (കമ്മാരസംഭവം - 2018) എന്ന കലാസംവിധായകാരാണ് തങ്ങളുടെ കരവിരുതും കലാവിരുതും കൊണ്ട് മലയാള സിനിമയുടെ ചരിത്ര വഴികളില്‍ തങ്ങളുടെ പേര്‍ എഴുതി ചേര്‍ത്തവര്‍.
Read Here: National Film Awards: മലയാളത്തിൽ നിന്നും ഇവരൊക്കെ
സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ 'കമ്മാരസംഭവം'
ബംഗ്ലനെന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന വിനെഷ് ബംഗ്ലനാണ്, മുന്‍വര്‍ഷം ലഭിച്ച കലാസംവിധാനത്തിനുള്ള ദേശീയ പുരസ്കാരം മറ്റാര്‍ക്കും നല്‍കാതെ വീണ്ടും കേരളത്തിലേക്ക് കൊണ്ടു വന്നത്.
ചെറുപ്പത്തില്‍ വരയ്ക്കാനായിരുന്നു ഇഷ്ടം. അങ്ങനെ വരയ്ക്കുന്നതിനൊക്കെ നിറവും രൂപവും കൊടുക്കാന്‍ തുടങ്ങുമ്പോള്‍, വെള്ളിത്തിരയില്‍ അവനൊരുക്കാന്‍ പോകുന്ന ദൃശ്യലോകത്തെക്കുറിച്ച് അന്നൊന്നും ഓര്‍ത്തില്ല. സ്കൂള്‍ കഴിഞ്ഞ് പ്ലസ്ടു കാലവും കഴിയുമ്പോഴാണ്, തന്‍റെ നേരമ്പോക്കുകളെ നേരായ വഴിയിലേക്ക് തിരിച്ചു വിടാന്‍ ബംഗ്ലന്‍ തീരുമാനിച്ചത്.
കലാസംവിധായകനെന്നൊരാള്‍ സിനിമയില്‍ ഉണ്ടാകുമെന്നോ, അങ്ങനൊരാള്‍ക്കുള്ള സാധ്യതകള്‍ എത്രത്തോളമെന്നോ ധാരണയില്ലാത്തതിനാല്‍ വലിയ പിന്തുണയുമായി വീട്ടുകാര്‍ കൂടെ നില്‍ക്കാതിരുന്നത് സ്വാഭാവികം. 'കാലാപാനി' പോലുള്ള സിനിമകളുടെ ഫ്രെയിം മനസ്സില്‍ സൂക്ഷിച്ച പ്ലസ്ടുക്കാരന്‍ തന്‍റെ മുന്നോട്ടുളള ഭാവിയുടെ സ്കെച്ച് വരച്ച്, നിറം കൊടുത്ത് മുന്നോട്ട് തന്നെ പോയി.
 Vinesh Banglan, Production Designerസിനിമയിലെത്തുന്നതിന് മുന്‍പ് പരസ്യമേഖലയിലെ പ്രമുഖരോടൊപ്പം ജോലി ചെയ്തു. വിവിധ ഭാഷകളും രീതികളുമായി ഇടപഴുകാനും മനസ്സിലാക്കാനും പരസ്യ മേഖലയിലെ പ്രവര്‍ത്തന കാലം സഹായിച്ചു. നൂറിലധികം പരസ്യചിത്രങ്ങളുടെ ഭാഗമായി. ഒപ്പം സിനിമകളിലും അസിസ്റ്റ് ചെയ്തു. സിനിമയിലേക്കെത്താനും സ്വതന്ത്രകലാസംവിധായകനാകാനും പിന്നെയും കാത്തിരുന്നു.
'ചാപ്പാ കുരിശാണ്' ബംഗ്ലനെന്ന കലാസംവിധായകനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത്. 'അരികെ', 'ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍', 'ജോ ആന്‍ഡ് ദ ബോയ്', 'സക്കറിയയുടെ ഗര്‍ഭിണികള്‍', 'സെവന്‍ത് ഡേ' തുടങ്ങി തീയേറ്ററുകളിലിപ്പോഴുള്ള 'അമ്പിളി' വരെ മുപ്പതോളം ചിത്രങ്ങളിലൂടെ കഥയ്ക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ ദൃശ്യങ്ങളെ പതിപ്പിച്ചത്, ബംഗ്ലനാണ്.
പക്ഷേ ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത 'കമ്മാരസംഭവ'മാണ്, ബംഗ്ലനെ കലാസംവിധായകനെന്ന നിലയില്‍ ലോകത്തിന്റെ മുന്‍പില്‍ എത്തിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ ചിത്രീകരണം, കല്ലുകടിയില്ലാതെ കാഴ്ചയിലെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ 'കമ്മാരസംഭവ'ത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.
"അത്ര നല്ലൊരു ടീമായിരുന്നത് കൊണ്ട് തന്നെ ആസ്വദിച്ച് തന്നെയാണ് 'കമ്മാരസംഭവം' ചെയ്തത്. പെര്‍ഫെക്ഷനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറായിരുന്നു ദിലീപ് ഉള്‍പ്പെടെയുള്ള അഭിനേതാക്കളെല്ലാം," 'കമ്മാരസംഭവ'ത്തിന്‍റെ ചിത്രീകരണദിവസങ്ങളെക്കുറിച്ച് ബംഗ്ലന്‍, ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് വാചാലനായി.
"ഒരേ ലൊക്കേഷനില്‍ തന്നെയായിരുന്നു മൂന്ന് കാലഘട്ടങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. കര്‍ണാട-കേരള അതിര്‍ത്തിയിലാണ് സംഭവം നടക്കുന്നത്. യുദ്ധരംഗങ്ങളൊക്കെ ചിത്രീകരിച്ചത് എറണാകുളം കിന്‍ഫ്രയിലാണ്. എയര്‍പോര്‍ട്ട്, ട്രെയിന്‍ ഇതൊക്കെ വളരെ കുറച്ച് സമയത്തിനുള്ളിലാണ് രൂപപ്പെടുത്തിയത്", ബംഗ്ലന്‍ തുടര്‍ന്നു.
സിനിമയിലുടനീളമുള്ള, തേനിയിലെ പുറകിലെ വലിയ മല സിനിമയിലെ പ്രധാനപ്പെട്ട ഒരു ലാന്‍ഡ്മാര്‍ക്കാണ്. പക്ഷേ, മുരളി ഗോപിയുടെ വീട് ചിത്രീകരിച്ചത് ചേര്‍ത്തലയിലാണെങ്കിലും തേനിയിലെ മല ആ സീനിലും കൊണ്ടു വന്നിടത്താണ് ബംഗ്ലനിലെ കലാകാരന് നമ്മള്‍ മാര്‍ക്കിടേണ്ടത്. മല മാത്രമല്ല, മുരളീ ഗോപി കൊല്ലപ്പെടുന്ന രംഗത്തിലുള്ള കരിമ്പിന്‍ പാടവും ബംഗ്ലന്‍ കരവിരുതില്‍ തെളിഞ്ഞതാണ്.
"സ്കൂളില്‍ പഠിച്ച ഹിസ്റ്ററിയൊക്കെ പ്രയോജനപ്പെട്ടത് 'കമ്മാരസംഭവം' ചെയ്തപ്പോഴാണ്,"എന്ന് ബംഗ്ലന്‍ തമാശയായി പറയുമ്പോഴും, കഥ കേട്ട് തനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്നുളള സിനിമകള്‍ക്കേ കൈ കൊടുക്കാറുളളൂവെന്ന് പറഞ്ഞത് ഗൌരവത്തിലാണ്.
വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന 'കമ്മാരസംഭവം' ആണെങ്കിലും മുത്തശ്ശിക്കഥ പോലെയുള്ള 'ഫിലിപ്സ് ആന്‍ഡ് മങ്കിപെന്നാ'ണെങ്കിലും ഓരോ ഫ്രെയിമിലും ബംഗ്ലന്‍റെ കയ്യൊപ്പ് വേണമെന്നുള്ളത് നിര്‍ബന്ധമാണ്. കാണുന്നതും കേള്‍ക്കുന്നതും മറക്കാതെ മനസ്സില്‍ സൂക്ഷിക്കേണ്ടതിനെക്കുറിച്ചായിരുന്നു ബംഗ്ലന്‍ പറയുന്നത്. നിറമുള്ള, മണമുള്ള ഫ്രെയിമുകള്‍ വരും കാലങ്ങളിലേക്കായി മനസ്സിലെ ആല്‍ബത്തില്‍ പതിപ്പിക്കുന്നതിന്‍റെ തിരക്കിലാണ് കലയുടെ ഈ സംവിധായകന്‍. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്' എന്ന ചിത്രത്തിന്റെ കലാസംവിധാനം ഒരുക്കുന്നതിലും.
ദേശീയപുരസ്കാരത്തിലേക്കൊരു 'ടേക്ക് ഓഫ്'
ഇറാഖ് വിമാനത്താവളത്തിന്‍റെ പുറത്തേക്ക് വരുന്ന നഴ്സുമാരുടെ സംഘം തോക്ക് ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വരുന്നു, 'വെല്‍ക്കം ടു തിക്രിത്' എന്നെഴുതി പൊടി പിടിച്ച ബുളളറ്റ് തുളച്ച ബോര്‍ഡ്, പട്ടാളത്തിന്‍റെ അകമ്പടിയോടെ കേരളത്തില്‍ നിന്നു പോയ നഴ്സുമാര്‍ ഇറാഖിലെ ആശുപത്രി മുറ്റത്തെത്തുന്നു.
പിന്നെ കാണുന്നത് സ്ഫോടനത്തില്‍ മാരകമായി മുറിവേറ്റവരെ ചികില്‍സിക്കുന്ന ആശുപത്രി വാര്‍ഡ്. 'ടേക്ക് ഓഫി'ലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം അങ്ങനെ പ്രേക്ഷകരും ഇറാഖിലെത്തി. വാര്‍ത്തകളിലും ഇറാഖ് പ്രമേയമാകുന്ന ചില സിനിമകളിലും മാത്രം കണ്ട് പരിചയമുള്ള ഇറാഖിനെ കുറച്ച് കൂടി വിശാലമായി 'ടേക്ക് ഓഫി'ലൂടെ നമ്മള്‍ കണ്ടു.
സിനിമ തിയറ്ററിലെത്തി ഒരാഴ്ച കഴിഞ്ഞ് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ കലാസംവിധായകന്‍ സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചു. അപ്പോഴാണ് മനസ്സിലായത്, എറണാകുളം തമ്മനത്തുള്ള കെട്ടിടമാണ് ആ ആശുപത്രി മുറിയായതെന്ന്. ഹൈദ്രാബാദ് റാമോജി റാവു ഫിലിം സിറ്റിയും, യു.എ.ഇയിലെ റാസല്‍ഖൈമയുമൊക്കെയാണ് നമ്മള്‍ കണ്ട ഇറാഖെന്ന്.
"ഇറാഖ് തന്നെയാണ് കണ്ടതെന്ന ധാരണയില്‍ പ്രേക്ഷകര്‍ ഇരിക്കുമ്പോഴാണ്, ഇതിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് ഞാന്‍ ഫെയസ്ബുക്കില്‍ ഇടുന്നത്. കലാസംവിധായകന്‍റെ അധ്വാനം ആളുകള്‍ തിരിച്ചറിയണമെന്നുള്ളത് കൊണ്ട്, ബോധപൂര്‍വ്വം ചെയ്തതാണ് അത്. പലപ്പോഴും കലാസംവിധായകര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്," സന്തോഷ് രാമന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
 Santhosh Raman, Production Designer"സോഷ്യല്‍ മീഡിയയോടുളള പ്രതിബദ്ധത എപ്പോഴും എന്‍റെ മനസ്സിലുണ്ടായിരുന്നു. ആളുകളുടെ കാമ്പുള്ള, കൃത്യമായ വിമര്‍ശനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ വീഴ്ച വരുത്താതിരിക്കാന്‍ വളരെ ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നു."
പല കാലഘട്ടങ്ങളെ അവതരിപ്പിക്കുന്ന സിനിമകളിലും അല്ലെങ്കില്‍ മുത്തശ്ശിക്കഥകള്‍ പറയുന്ന സിനിമകളിലുമൊക്കെയാണ് കലാസംവിധായകന്‍ എന്തെങ്കിലും ചെയ്തതായി പ്രേക്ഷകര്‍ക്ക് തോന്നുക. പക്ഷേ, 'ടേക്ക് ഓഫ്' പോലുള്ള ഒരു റിയലിസ്റ്റിക്ക് സിനിമയില്‍ കലാസംവിധായകനെന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നത് ഒരു രാജ്യം തന്നെ ഇവിടേക്ക് കൊണ്ടു വരുക എന്നതായിരുന്നു. ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കലാസംവിധായകനുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്ക് കൊണ്ടു വരാനാകുന്ന രീതിയില്‍ ആ അധ്വാനം ഫലം കണ്ടു വെന്നതിന്‍റെ സന്തോഷം എന്നുമൊരു ഊര്‍ജ്ജമായിരിക്കും സന്തോഷ് രാമന്‍ അടിവരയിടുന്നു.
സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഒരു കലാസംവിധായകന്‍റെ മികവ് കാഴ്ചക്കാരന്‍ തിരിച്ചറിഞ്ഞാല്‍ അതൊരു വീഴ്ചയാണ്. പകരം, തിരിച്ചറിയാത്ത വിധത്തില്‍ കഥയോട് ഇഴുകി ചേര്‍ന്ന് വേണം കലാസംവിധാനം എന്നാണ് സന്തോഷ് രാമന്‍റെ തിയറി.
'ഇന്ത്യന്‍ റുപ്പി' എന്ന സിനിമയിലെ കാലിക്കറ്റ് കോഫി ഷോപ്പ് ശരിക്കും കോഴിക്കോടിന്‍റെ ഒരു മണവും നിറവും രുചിയുമുള്ള ഇടമായാണ് അനുഭവപ്പെടുക. കോഴിക്കോട് കോര്‍പ്പറേഷനിലെ സൈക്കിള്‍ ഷെഡ്ഡിനെ അങ്ങനെ മാറ്റിയെടുക്കാമെന്നുള്ള സന്തോഷ് രാമനെന്ന കലാസംവിധായകന്‍റെ ദീര്‍ഘവീക്ഷണത്തിനാണ് കൈയ്യടി കൊടുക്കേണ്ടത്. 'എന്‍റെ ഉമ്മാന്‍റെ പേരില്‍' ടൊവിനോയുടെ ആന്‍റിക് ഷോപ്പിനകത്ത് കയറാന്‍ പ്രേക്ഷര്‍കര്‍ക്കും ഇടയ്ക്കിടെ തോന്നിപ്പോകും.
'അകലെ' എന്ന സിനിമയില്‍ രാജാ ഉണ്ണിത്താനെ അസിസ്റ്റ് ചെയ്തു കൊണ്ടാണ് സന്തോഷ് രാമന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. 'ആനച്ചന്തം' തുടങ്ങി 'കസബ', 'അബ്രഹാമിന്‍റെ സന്തതികള്‍', 'മിഖായേല്‍' തുടങ്ങി നാല്പത്തിയഞ്ചിലേറെ ചിത്രങ്ങള്‍ ചെയ്തു. 'ടേക്ക് ഓഫ്' ടീമിന്‍റെ കൂടെ പുതിയ സിനിമയുടെ തിരക്കിലാണ് ഈ ഓണക്കാലത്ത് സന്തോഷ് രാമന്‍.
തലശ്ശേരി ടൌണിന്‍റെ നടുവിലുണ്ടായിരുന്ന മുകുന്ദ് ടാക്കീസില്‍, സ്കൂള്‍ വിട്ടുകഴിഞ്ഞ് വന്ന്, ടാക്കീസ് ജീവനക്കാരോടൊപ്പം സിനിമാ പോസ്റ്റര്‍ ഒട്ടിച്ച് കലാസംവിധാനം തുടങ്ങിയ ഒരു സ്കൂള്‍ കുട്ടിയാണ് പിന്നീട് രാജ്യത്തിന്റെ മികച്ച കലാസംവിധായകനായി മാറിയത്. അതാണ് കാലത്തിന്‍റെ കലാസംവിധാനം. മുകുന്ദ് ടാക്കീസ് നിന്ന് പോയെങ്കിലും അന്ന് പല ആവര്‍ത്തി സിനിമകള്‍ കണ്ട് മനസ്സില്‍ പതിപ്പിച്ച ദൃശ്യങ്ങള്‍ ഇപ്പോഴും മങ്ങാതെയുണ്ടെന്ന് സന്തോഷ് രാമന്‍ ഓര്‍ത്തെടുക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us