മലയാളത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍. അതുല്യനായ ആ അഭിനയപ്രതിഭയെ രാജ്യം ആദരിച്ചിട്ടുണ്ട് പല തവണ – മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, പദ്മശ്രീ, പദ്മഭൂഷന്‍, ലഫ്റ്റനന്റ് പദവി എന്നിങ്ങനെ. ഒരു കലാകാരന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നവയാണ് ഇവയെല്ലാം തന്നെ. ഇത് തനിക്ക് ലഭിക്കാന്‍ പോകുന്നു എന്നറിയുന്ന നിമിഷം പ്രത്യേകിച്ചും. അത്തരം ഒരു നിമിഷത്തെ ഓര്‍ത്തെടുക്കുകയായിരുന്നു മോഹന്‍ലാല്‍.

ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞതും അതേ തുടര്‍ന്ന് ഉണ്ടായ ആഘോഷങ്ങളും എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍. മലയാള മനോരമയുടെ ‘റേഡിയോ മാംഗോ’ സംഘടിപ്പിച്ച ‘ലൂസിഫർ ചാലഞ്ച്’ മൽസരവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചെന്നൈയിൽ വച്ച് ഭാര്യാപിതാവാണ് അവാർഡിന്റെ വിവരം ആദ്യം വന്നു പറയുന്നത്. ഉറപ്പിച്ച ശേഷം സന്തോഷിച്ചാൽ മതിയെന്നും പറഞ്ഞു. ‘ഭരത’ത്തിനായിരുന്നു അവാർഡ്. തലേ വർഷം ‘കിരീട’ത്തിനും പ്രത്യേക പുരസ്ക്കാരം ലഭിച്ചെങ്കിലും ഇത് അപ്രതീക്ഷിതമായിരുന്നു. അവാർഡ് ലഭിക്കാൻ യോഗ്യരായ മികച്ച നടൻമാർ ഏറെയുള്ളപ്പോൾ അങ്ങനെ ചിന്തിക്കാനാവില്ലല്ലോ. വലിയ ആഘോഷമൊന്നുമുണ്ടായില്ല. കുറച്ച് സമയത്തെ ആവേശമൊക്കേയുണ്ടായുള്ളൂ,” മോഹന്‍ലാല്‍ വെളിപ്പെടുത്തി.

mohanlal, vanaprastham, national film awards

Mohanlal in Shaji N Karun’s Vanaprastham/Express Archive Photo

‘തിരനോട്ടം’ (1978) എന്ന സിനിമയില്‍ തുടങ്ങിയ അഭിനയസപര്യയില്‍ അഞ്ചു തവണ ദേശീയ പുരസ്കാരങ്ങള്‍ മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്. ‘കിരീടം’ (പ്രത്യേക ജൂറി പരാമര്‍ശം), ‘ഭരതം’ (മികച്ച നടന്‍), ‘വാനപ്രസ്ഥം ‘ (മികച്ച നടന്‍, നിര്‍മാതാവ്), ‘ജനത ഗാരേജ്’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘പുലിമുരുഗന്‍’ (പ്രത്യേക ജൂറി പുരസ്‌കാരം) എന്നിങ്ങനെ.

ഈ വര്‍ഷത്തെ ദേശീയ പുരസ്കാരപ്രഖ്യാപനം കാത്തിരിക്കുകയാണ് സിനിമാ ലോകം. എല്ലാ വർഷവും ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ ആണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടക്കുക. എന്നാല്‍ എല്ലാ തവണത്തേയും പോലെ തന്നെ പ്രസ്തുത കാലയളവില്‍ ജൂറി കൂടി, ദേശീയ പുരസ്കാര നിര്‍ണ്ണയത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടും ലോക്‌സഭ ഇലക്ഷന്‍ കാരണം പുരസ്കാര പ്രഖ്യാപനം വൈകുകയായിരുന്നു.

ഇനി അധികം വൈകാതെ തന്നെ അറുപത്തിയാറാമത് ദേശീയ സിനിമാ പുരസ്കാര പ്രഖ്യാപനവും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Read Here: National Film Awards 2019: ‘പേരന്‍പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്‌കാരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook