scorecardresearch

National Film Awards: അഭിമാനകീർത്തി

Keerthy Suresh wins Best Actress at the National Film Awards: ‘മഹാനടി’ എന്ന തമിഴ്-തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം കീർത്തിയെ തേടിയെത്തിയത്

National Film Awards: അഭിമാനകീർത്തി

National Film Awards, Keerthy Suresh declared Best Actress for the Film ‘Mahanati’: മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി ദേശീയ പുരസ്കാര പ്രഖ്യാപനം. മികച്ച നടിയ്ക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി.

‘മഹാനടി’ എന്ന തമിഴ്-തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം കീർത്തിയെ തേടിയെത്തിയത്. അനശ്വര നായിക സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ‘മഹാനടി’ കീര്‍ത്തിയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്. സാവിത്രിയായുള്ള കീര്‍ത്തിയുടെ പ്രകടനം മുൻപും നിരൂപക പ്രശംസ നേടിയിരുന്നു.

 

മുൻകാല നടിയായിരുന്ന മേനകയുടെയും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും മകളായ കീർത്തി ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തിയുടെ നായികയായുള്ള അരങ്ങേറ്റം. തുടർന്ന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി ചിത്രങ്ങളിൽ കീർത്തി നായികയായി.

കീർത്തിയുടെ കരിയറിനെ ‘മഹാനടി’യ്ക്കു മുൻപും ശേഷവും എന്നു തന്നെ വിശേഷിപ്പിക്കാം. കാരണം കീർത്തിയുടെ താരമൂല്യം ഉയരുന്നത് ‘മഹാനടി’യ്ക്ക് ശേഷമാണ്. ഇപ്പോഴിതാ, മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തേടിയെത്തിയിരിക്കുന്നു.

സാവിത്രിയായി കീര്‍ത്തി സുരേഷ്

നായകന്റെ നിഴലായി ഒതുങ്ങാതെ, നായിക എന്ന രീതിയിൽ കീർത്തി ഉദിച്ചുയർന്ന ചിത്രമായിരുന്നു ‘മഹാനടി’. തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായിരുന്ന, ജെമിനിഗണേശന്റെ കാമുകിയും ജീവിതസഖിയുമായിരുന്ന സാവിത്രിയുടെ ജീവിതത്തെ അതിമനോഹരമായി അഭ്രപാളികളിൽ ആവിഷ്കരിക്കാൻ കീർത്തിയ്ക്ക് ആയി.

രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാളി നടി ദേശീയ പുരസ്കാരം കരസ്ഥമാക്കുന്നത്. 2016ൽ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയാണ് ഏറ്റവും ഒടുവിൽ ദേശീയ പുരസ്കാരം സ്വന്തമാക്കിയ മലയാളിതാരം. 2017ൽ മരണാനന്തര ബഹുമതിയായി മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ശ്രീദേവിയായിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും പുറമെ ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി സുരേഷ്.

Read National Film Awards Full List Here

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: National film awards 2019 keerthy suresh