66th National Film Awards: ലോക്‌സഭാ ഇലക്ഷൻ ഫല പ്രഖ്യാപനവും മന്ത്രിസഭ രൂപീകരണവും വകുപ്പു പ്രഖ്യാപനങ്ങളും കഴിഞ്ഞതോടെ സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത് ദേശീയ പുരസ്കാര പ്രഖ്യാപനത്തിനു വേണ്ടിയാണ്. എല്ലാ വർഷവും ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ ആണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടക്കുക. എന്നാല്‍ എല്ലാ തവണത്തേയും പോലെ തന്നെ പ്രസ്തുത കാലയളവില്‍ ജൂറി കൂടി, ദേശീയ പുരസ്കാര നിര്‍ണ്ണയത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടും ലോക്‌സഭ ഇലക്ഷന്‍ കാരണം പുരസ്കാര പ്രഖ്യാപനം വൈകുകയായിരുന്നു.

ഇന്ന് വാർത്താവിതരണ വകുപ്പു മന്ത്രിയായി പ്രകാശ് ജാവേദ്‌കറിനെ നിയോഗിച്ചതിന്റെ പിന്നാലെ വൈകാതെ തന്നെ അറുപത്തിയാറാമത് ദേശീയ സിനിമാ പുരസ്കാര പ്രഖ്യാപനവും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

തുണയ്ക്കുമോ ‘പേരന്‍പ്’ ?

ദേശീയ പുരസ്കാര സാധ്യതാപ്പട്ടികയിൽ മലയാളം ഉറ്റു നോക്കുന്ന പേരുകളിലൊന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത്.  തമിഴ് ചിത്രമായ ‘പേരന്‍പ്’ ആണ് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്കാരത്തിലേക്ക് എത്തിക്കാന്‍ സാധ്യതയുള്ള ചിത്രം എന്നാണ് ആരാധകരും നിരൂപകരും ഒരുപോലെ വിശ്വസിക്കുന്നത്.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക ​അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ ജീവിതവും അവളുടെ പിതാവിന്റെ നിസ്സഹായതാവസ്ഥയുമാണ് ‘പേരൻപി’ലൂടെ സംവിധായകൻ റാം പറഞ്ഞത്. ചിത്രത്തിലെ അമുദവൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലും ഗോവൻ ചലച്ചിത്രമേളയിലും ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

മാനസിക-ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന ടീനേജ്കാരി മകളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്ന അച്ഛനായി പകര്‍ന്നാടിയ ‘പേരന്‍പി’ലെ മമ്മൂട്ടി അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.  ദുബായില്‍ നിന്നും ഡ്രൈവര്‍ പണി മതിയാക്കി നാട്ടില്‍ മടങ്ങി എത്തിയ അമുദവന്‍, അമ്മ ഉപേക്ഷിച്ച മകളേയും ചേര്‍ത്ത് പിടിച്ചു ജീവിക്കാന്‍ തുടുങ്ങുകയാണ് റാമിന്റെ ‘പേരന്‍പി’ല്‍.

Read More: Peranbu Movie Review: സ്നേഹമാണഖിലസാരമൂഴിയില്‍ ‘പേരന്‍പ്’ റിവ്യൂ

National film awards, National film awards 2019, നാഷണൽ അവാർഡ്, ദേശീയ പുരസ്കാരം, Mammootty, മമ്മൂട്ടി, Peranbu, പേരൻപ്, Mammootty national film award, Mammootty national award films, മമ്മൂട്ടി ദേശീയ പുരസ്കാരങ്ങൾ, പൊന്തൻമാട, വിധേയൻ, അംബ്ദേകർ, ഒരു വടക്കൻ വീരഗാഥ, മതിലുകൾ

‘പേരന്‍പി’ല്‍ മമ്മൂട്ടി

രജതകമലം തൊട്ടിട്ട് ഇരുപത്‌ വര്‍ഷം

‘ഡോ. ബാബാസാഹേബ് അംബേദ്‌കര്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിനാണ് ഏറ്റവും ഒടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.  വര്‍ഷം 1999.  ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ഡോ. ബാബാസാഹേബ് അംബേദ്‌കറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജബ്ബാര്‍ പട്ടേല്‍ ആണ്.  മികച്ച നടനുള്ള പുരസ്‌കാരം കൂടാതെ ആ വര്‍ഷത്തെ മികച്ച സംവിധായകന്‍ (ജബ്ബാര്‍ പട്ടേല്‍), മികച്ച കലാസംവിധായകന്‍ (നിതിന്‍ ചന്ദ്രകാന്ത് ദേശായ്) എന്നിവയും നേടി ‘ഡോ. ബാബാസാഹേബ് അംബേദ്‌കര്‍’.

അംബേദ്‌കറുമായുള്ള രൂപസാദൃശ്യം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വേഷം ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം വേണ്ട എന്ന് പറഞ്ഞുവെങ്കിലും പിന്നീട് മമ്മൂട്ടി സമ്മതിക്കുകയായിരുന്നു.  ഒരു  നടന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ സാധിക്കുന്നതെല്ലാം ആ കഥാപാത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട് എന്ന് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.

 

66th National Film Awards: ‘പേരൻപി’ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാവും. മുൻപ് 1989, 1994, 1999 വർഷങ്ങളിലായി മൂന്നു തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയത്. 1989 ൽ ‘ഒരു വടക്കൻ വീരഗാഥ’, ‘മതിലുകൾ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ആദ്യമായി അദ്ദേഹത്തെ ദേശീയ പുരസ്കാരം തേടിയെത്തിയത്. പിന്നീട് 1994 ൽ ‘വിധേയൻ’, ‘പൊന്തൻമാട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 1999 ൽ ‘ഡോ.ബാബാസാഹേബ് അംബേദ്‌കറി’ലെ അഭിനയത്തിനും ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ നടൻ എന്ന ബഹുമതിയും മമ്മൂട്ടിയ്ക്ക് സ്വന്തം. മോഹൻലാലിന് അഞ്ചു തവണ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച നടൻ കാറ്റഗറിയിൽ രണ്ടു തവണയാണ് ദേശീയ പുരസ്കാരം തേടിയെത്തിയത്. സ്പെഷ്യൽ ജൂറി മെൻഷൻ, സ്പെഷ്യൽ ജൂറി അവാർഡ് (അഭിനയം), മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള പുരസ്കാരം എന്നിവയാണ് മോഹൻലാലിനു ലഭിച്ച മറ്റു ദേശീയ പുരസ്കാരങ്ങൾ.

Image may contain: 1 person, stripes

Mammootty in Mathilukal

Fans on high hopes about Mammootty winning Best Actor Award at National Film Awards 2019 for the Tamil Movie Peranbu

ഒരു വലിയ കാലയളവിന് ശേഷം എത്തുന്ന പുരസ്‌കാരം, മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ അതിപ്രധാനമായ റോളുകളില്‍ ഒന്ന് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ ഗജ്‍രാജ് റാവു (‘ബധായി ഹോ’), നവാസുദ്ദീൻ സിദ്ധിഖി (‘മന്റോ’) എന്നിവരും ഇടം പിടിച്ചിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന, സംവിധായകൻ റാം, മികച്ച ചിത്രം എന്നീ കാറ്റഗറികളിലും പേരന്‍പ് പുരസ്കാരങ്ങള്‍ നേടാന്‍ സാധ്യതയുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മുൻപ് റാമിന്റെ ‘തങ്കമീൻകൾ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സാധന ദേശീയ പുരസ്കാരം നേടിയിരുന്നു. ‘പേരൻപി’ലെ പാപ്പ എന്ന കഥാപാത്രം ‘സാധന’യ്ക്ക് രണ്ടാം തവണയും ദേശീയ പുരസ്കാരം നേടികൊടുക്കുമെന്ന പ്രതീക്ഷയും സിനിമാപ്രേമികൾ പങ്കു വയ്ക്കുന്നുണ്ട്.

Read More Articles on Peranbu here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook