67th National Film Awards, National Film Awards 2019: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തിരഞ്ഞടുക്കപ്പെട്ടത് പ്രിയദർശൻ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ്. മൂന്നു പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ചിത്രത്തിനൊപ്പം മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവും ‘മരക്കാർ’ നേടി. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് ആണ് മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയത്. മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം സുജിത്തും സായിയും പങ്കു വച്ചു.
മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ‘ഹെലൻ’ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യർ നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയത് രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘കള്ള നോട്ടം’ ആണ്. പണിയ ഭാഷയിലെ മികച്ച ചിത്രം മനോജ് കാനയുടെ ‘കെഞ്ചീര’ ആണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ പ്രത്യേക ജൂറി പരാമര്‍ശം നേടി.
ടെക്നിക്കല്‍ വിഭാഗത്തിലെ പുരസ്കാരങ്ങളിലും മലയാള സിനിമ തിളങ്ങി. ‘ഹെലനി’ലൂടെ മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം രഞ്ജിത് അമ്പാടി നേടി. മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം കരസ്ഥമാക്കിയത് ഗിരീഷ് ഗംഗാധരൻ (ജല്ലിക്കട്ട്) ആണ്. മലയാളിയായ റസൂൽ പൂക്കൂട്ടിയ്ക്ക് (ഒത്തസെരുപ്പ് എന്ന തമിഴ് ചിത്രം) മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച ഗാനരചയിതാവ് പ്രഭാ വര്‍മ്മയാണ് – ‘കോളാമ്പി’ എന്ന ചിത്രത്തിലെ ‘ആരോടും പറയുക വയ്യ’ എന്ന ഗാനം.
നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ മലയാളിയായ ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ചിത്രം മികച്ച കുടുംബമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നദിയ മൊയ്തുവാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളി സംവിധായകന്‍ വിപിന്‍ വിജയ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ‘സ്മാള്‍ സ്കെയില്‍ സൊസൈറ്റീസ്’ എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചു.
Read Here: ഞാന്‍ ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വചിത്രം; നദിയ മൊയ്തു പറയുന്നു
മികച്ച നടിയായി കങ്കണ റണാവത്ത് തിരഞ്ഞെടുക്കപ്പെട്ടു. ‘മണികർണിക,’ പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് അവാർഡ്. മനോജ് ബാജ്പേയി (ഭോസ്ലെ), ധനുഷ് (അസുരൻ) എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.