മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിനു പുറമേ ദേശീയ ചലച്ചിത്ര തലത്തിലും വിനായകന് അവാർഡ് ലഭിച്ചേക്കുമെന്നായിരുന്നു വാർത്തകൾ. മോഹൻലാലിന് ജൂറിയുടെ പ്രത്യേക അവാർഡ് നൽകിയപ്പോൾ നീർജയിലെ അഭിനയത്തിന് സോനം കപൂർ ജൂറിയുടെ പ്രത്യേക പരാമർശം നേടി. പക്ഷേ വിനായകന് ഒന്നും ഉണ്ടായില്ല. ഇപ്പോഴിതാ അതിനുളള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജൂറി ചെർമാനായ പ്രിയദർശൻ.

സഹനടന്റെ പട്ടികയിൽ വിനായകന്റെ പേര് ഉണ്ടായിരുന്നു. എന്നാൽ മനോജ് ജോഷിയുടെ പ്രകടനത്തിനാണ് കൂടുതൽ വോട്ട് കിട്ടിയത്. അവസാനറൗണ്ടിൽ തൊട്ടടുത്ത് വരെ വിനായകൻ എത്തി- മനോരമ ന്യൂസിനോടുളള പ്രിയദർശന്റെ വാക്കുകൾ. മികച്ച നടന്മാരിൽ അവസാന മൂന്നുപേരിൽ മോഹൻലാൽ ഉണ്ടായിരുന്നു. തെലുങ്കിലും മലയാളത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ഒരേ ഒരു നടൻ മോഹൻലാല്‍ ആയിരുന്നു. തെലുങ്കിലും മലയാളത്തിലുമുള്ള മോഹൻലാലിന്റെ പ്രകടനം പരിഗണിച്ചാണ് അവാർഡ് നൽകിയതെന്നും പ്രിയദർശൻ പറയുന്നു.

Read More: ദേശീയ ചലച്ചിത്ര അവാർഡ്: അക്ഷയ് കുമാർ മികച്ച നടൻ, സുരഭി മികച്ച നടി, മോഹൻലാലിന് പ്രത്യേക ജൂറി പുരസ്കാരം

ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ വിനായകനെ പരിഗണിച്ചത് മികച്ച സഹനടനായാണ്. കമ്മട്ടിപ്പാടം എന്ന സിനിമ കണ്ട ജൂറി അതിലെ നായകൻ ദുൽഖർ സൽമാൻ ആണെന്നു പറയുകയായിരുന്നു. നായകനെ മാത്രമേ ദേശീയ അവാർഡ് നിയമപ്രകാരം മികച്ച നടനായി പരിഗണിക്കൂ. തുടർന്നാണ് വിനായകനെ സഹനടനായി പരിഗണിച്ചത്. മികച്ച സഹനടനായി തിരഞ്ഞെടുത്ത മനോജ് ജോഷി മാത്രമാണ് വിനായകനോടെപ്പം അവസാന റൗണ്ടിലെത്തിയത്. മറാത്തി, ഹിന്ദി സിനിമകളിൽ മനോജ് ജോഷിയുടെ മികച്ച അഭിനയം ജൂറിയിലെ കൂടുതൽ പേരുടെ പിന്തുണ നേടിയെടുത്തു. രണ്ടു വോട്ടിന്റെ വ്യത്യാസത്തിലാണ് വിനായകനു മികച്ച സഹനടനുള്ള ദേശീയ അവാർഡ് നഷ്ടമായത്.

കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെയാണ് വിനായകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുളള പുരസ്‌കാരം എത്തിയത്. അതിനാൽതന്നെ ദേശീയതലത്തിലും വിനായകന് അവാർഡ് കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ