അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ നിരവധിയുണ്ട്. ഫീച്ചര്‍ ഇനത്തില്‍ മാത്രമല്ല, നോണ്‍ ഫീച്ചര്‍ ഇനത്തിലും മലയാളികളുടെ കൈയ്യൊപ്പുണ്ട്. ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’യാണ് മികച്ച ജീവചരിത്ര സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.

വേലുത്തമ്പി ദളവയുടെ ജീവിതവും മരണവുമാണ് ചിത്രത്തിന് ആധാരം. തന്‍റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’ എന്നു സംവിധായിക പറയുന്നു.

Sword of Liberity

“നിര്‍മ്മാതാക്കള്‍ ഇങ്ങനെയൊരു വര്‍ക്കിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ആദ്യം മുതലേ. കാരണം വേലുത്തമ്പി ദളവയുടേതായി ആകെ അവശേഷിക്കുന്നത് ഒരു പ്രതിമയും വാളും മാത്രമാണ്. ദൃശ്യങ്ങളൊന്നും ലഭ്യമല്ല. സ്‌കൂളില്‍ പഠിച്ചിട്ടുണ്ട് എന്നതിനപ്പുറം മറ്റൊന്നും അറിയുകയുമില്ല. അങ്ങനെ ഒരു റിസേര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. ശരിക്കും ആ പഠനത്തിനൊടുവില്‍ ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്. ആദ്യകാല സ്വാതന്ത്ര്യ സമര സേനാനി എന്ന വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന പോരാളിയായിരുന്നു അദ്ദേഹം.”

വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ചിത്രം കഥപറഞ്ഞു പോകുന്നത്. ഒരു ചരിത്രവിദ്യാര്‍ത്ഥിനി വേലുത്തമ്പി ദളവയുടെ ജീവിതവും മരണവും അന്വേഷിച്ചിറങ്ങുന്നതിലൂടെയാണ് ആ ചരിത്രം വെളിപ്പെടുന്നത്.

Sword of Liberty

“നേരത്തേ പറഞ്ഞതു പോലെ ഒരു തരം വിവരങ്ങളും കൈവശം ഇല്ലായിരുന്നു. ഒരുഘട്ടത്തില്‍ ഇത് ഉപേക്ഷിച്ചാലോ എന്നുവരെ ഞാന്‍ ആലോചിച്ചിരുന്നു. അങ്ങനെയാണ് ‘തോല്‍പ്പാവക്കൂത്ത്’ എന്ന ആശയം മനസിലേക്കു വരുന്നത്. പിന്നീട് തുള്ളല്‍, വില്ലുപാട്ട്, തോല്‍പ്പാവക്കൂത്ത് എന്നീ കലാകാരന്മാരില്‍ നിന്നും പറഞ്ഞു കേള്‍ക്കുന്ന വിവരങ്ങളായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആറേഴു മാസത്തെ ഗവേഷണം നടത്തിയിട്ടുണ്ട്. തോല്‍പ്പാവക്കൂത്തുകാര്‍ തന്നെ വന്ന് തോല്‍പ്പാവകള്‍ ഉണ്ടാക്കി. മഴക്കാലമായിരുന്നു. അതുകൊണ്ട് അതീവ ശ്രദ്ധയും ആവശ്യമായിരുന്നു. ഒരുപാടുപേരുടെ കഠിന പ്രയത്‌നമുണ്ട് ഈ ചിത്രത്തിനു പുറകില്‍. അതിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നത്.”

വേലുത്തമ്പി ദളവയുടെ ആദ്യകാല ജീവിതം, ബ്രിട്ടീഷുകാരുമായുള്ള ബന്ധം, ശത്രുത, ഒരു ദളവ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വിജയ പരാജയങ്ങള്‍, കുണ്ടറ വിളംബരം തുടങ്ങി ഒടുവില്‍ ജീവിതം സ്വയം അവസാനിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഈ ഡോക്യുമെന്ററിയില്‍ ഷൈനി പറയുന്നുണ്ട്.

Sword of Liberty

‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’ക്കു സംഗീതമൊരുക്കിയ രമേഷ് നാരായണനും ദേശീയ  പുരസ്‌കാരമുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുള്ള മികച്ച സംഗീത സംവിധാനം അദ്ദേഹം പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ഈ ചിത്രത്തിനാണ്.

പാട്ടുകള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത് ബീയാര്‍ പ്രസാദാണ്. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമാണിത്.

ദയാബായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ‘ഒറ്റയാള്‍’, ജര്‍മനിയിലെ മലയാളി നഴ്‌സുമാരെക്കുറിച്ചു ചെയ്ത ഡോക്യുമെന്ററി, ‘ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്’ തുടങ്ങി ഷൈനി ജേക്കബ് ബെഞ്ചമിന്റെ പേര് അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങളുണ്ട്. ആ പട്ടികയിലേക്ക് മറ്റൊരു പൊന്‍തൂവല്‍കൂടിയാണ് ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി.’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ