ന്യൂഡൽഹി: ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ശബ്ദലേഖനത്തിനുളള രണ്ടു പുരസ്കാരവും നേടിയത് മലയാള ചിത്രങ്ങളായിരുന്നു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ശബ്ദലേഖനത്തിനും ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ശബ്ദലേഖനത്തിനുളള പുരസ്കാരവുമാണ് നേടിയത്. ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് എന്ന സിനിമയുടെ ഓഡിയോഗ്രാഫർ അജിത് എബ്രഹാം ജോർജാണ് നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ശബ്ദലേഖനത്തിനുളള പുരസ്കാരം നേടിയത്. കാടു പൂക്കുന്ന നേരത്തിന്രെ ശബ്ദ സംവിധായകൻ ജയദേവൻ ചാക്കാടത്തിനാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ അവാർഡ് കിട്ടിയത്.

ദേശീയ അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയദേവൻ ചാക്കാടത്ത് ഐഇ മലയാളത്തോട് പറഞ്ഞു. “സംസ്ഥാന അവാർഡ് കിട്ടിയതുകൌണ്ട് ദേശീയ അവാർഡിന് ചിത്രം പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. കാരണം നിരവധി ഭാഷകളിൽനിന്നുളള സിനിമകൾ മൽസരിക്കുന്നുണ്ട്. ജൂറി ഏതു രീതിയിലാണ് സിനിമയെ വിലയിരുത്തുന്നതെന്ന് അറിയില്ലല്ലോ. ” പക്ഷേ അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയെന്നും ജയദേവൻ പറഞ്ഞു.

ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടുന്നത് സന്തോഷകരമായ കാര്യമാണെന്ന് അജിത് എബ്രഹാം ജോർജ് പ്രതികരിച്ചു. “അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെയ്യുന്ന വർക്ക് എപ്പോഴും നന്നാവണമെന്നേ ആഗ്രഹിച്ചിട്ടുളളൂ.” അവാർഡുകൾ കൂടുതൽ ഉത്തരവാദിത്തമാണ് നമുക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിന് ഇത്തവണ ഒൻപതു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് കിട്ടിയത്. മിന്നാമിനുങ്ങിന്റെ അഭിനയത്തിലൂടെ സുരഭി മികച്ച നടിയായി. 14 വർഷത്തിനുശേഷമാണ് മലയാളത്തിന് മികച്ച നടിക്കുളള പുരസ്കാരം ലഭിക്കുന്നത്. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി. മുന്തിരിവളളികൾ തളിർക്കുമ്പോൾ, പുലി മുരുകൻ, ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് ജൂറിയുടെ പ്രത്യേക അവാർഡ് ലഭിച്ചു. കുഞ്ഞുദൈവത്തിലെ അഭിനയത്തിന് ആദിഷ് മികച്ച ബാലതാരങ്ങളിൽ ഒരാളായി. പുലിമുരുകനിലൂടെ പീറ്റർ ഹെയ്‌ൻ മികച്ച സംഘട്ടനത്തിനുളള അവാർഡ് നേടി. മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും അവാർഡും നേടി. സൗമ്യ സദാനന്ദന്റെ ചെന്പൈ നോൺ ഫീച്ചർ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ