കൊച്ചി: പതിവ് സിനിമാ കാഴ്ചകളുടെ അതിഭാവുകത്വങ്ങൾ ഏതുമില്ലാതെ മലയാളിയുടെ ഹൃദയങ്ങളിലേക്ക് കയറിപ്പോയ ‘മഹേഷിന്റെ പ്രതികാരം’ പോയ വർഷത്തെ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്ക് ‘മഹേഷിന്റെ പ്രതികാരം’ തയ്യാറാക്കിയ ശ്യാം പുഷ്കരൻ തന്നെ തിരഞ്ഞെടുക്കപ്പോൾ മലയാള സിനിമാസ്വാദകർ എന്നുമോർക്കുന്ന മികവുറ്റ കലാസൃഷ്ടിക്ക് അത് ഇരട്ടിമധുരമായി.

നേരത്തേ സംസ്ഥാന അവാർഡ് ്പ്രഖ്യാപിച്ചപ്പോഴും മഹേഷിന്റെ പ്രതികാരം മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. വിധു വിൻസന്റ് സംവിധാനം ചെയ്ത മാൻഹോൾ സംസ്ഥാന സർക്കാരിന്റെ മികച്ച പുരസ്കാരം നേടിയപ്പോൾ മഹേഷിന്റെ പ്രതികാരം പ്രത്യേക ജൂറി പരാമർശം മാത്രമാണ് നേടിയത്.

ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മഹേഷിന്റെ ്പ്രതികാരം. ഇതിന് ദേശീയ-സംസ്ഥാന അവാർഡുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതോടെ വലിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

“തുടക്കക്കാരൻ എന്ന നിലയിൽ പ്രാത്സാഹനമായാണ് ഓരോ അവാർഡുകളും കാണുന്നതെന്ന്” സിനിമയുടെ സംവിധാകൻ ദിലീഷ് പോത്തൻ ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി.

പുരസ്കാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. “രാവിലെ മാധ്യമപ്രവർത്തകർ വിളിച്ച് പല കാര്യങ്ങളും ചോദിച്ചപ്പോഴാണ് അവാർഡ് ലഭിച്ചേക്കുമെന്ന സൂചന ഉണ്ടായത്. എങ്കിലും വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. അവാർഡ് ലഭിച്ചപ്പോൾ വലിയ സന്തോഷം ഉണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

അവാർഡ് വാർർത്ത ഒരുമിച്ചാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും അറിഞ്ഞത്. “അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇടുക്കിയിലെ ജീവിത സാഹചര്യങ്ങളെ അതേ മട്ടിൽ പകർത്താൻ സാധിച്ചത് നേട്ടമായി കരുതുന്നു. അവരവരുടേതായ ജീവിതം ജീവിച്ച് തീർക്കുന്നവരുടെ കഥ മാത്രമാണ് മഹേഷിന്റെ പ്രതികാരം” അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ