”നിങ്ങളില്‍ എത്രപേര്‍ക്കറിയാം, നമ്മുടെ രാജ്യത്ത് ജസരി എന്നൊരു ഭാഷയുണ്ടെന്ന്? ആ ഭാഷ ഏതു നാട്ടിലേതാണെന്ന്? ഞാന്‍ ആദ്യമായാണ് ആ ഭാഷയെക്കുറിച്ചറിയുന്നത്. ലക്ഷദ്വീപിലെ ഭാഷയാണ് ജസരി. രണ്ടു മലയാളികള്‍ ഈ ജസരി ഭാഷയില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. ‘സിന്‍ജാര്‍’. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണത്,” ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കവെ ജൂറി അദ്ധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞ വാക്കുകളാണിത്.

ലക്ഷദ്വീപ് എന്നാല്‍ നമ്മളില്‍ ഏറെപ്പേര്‍ക്കും കടലിനുള്ളില്‍ ഒളിപ്പിച്ച കൗതുകങ്ങളില്‍ ഒന്നുമാത്രമാണ്. ആ നാട്, അതിന്റെ സംസ്‌കാരം, ഭാഷ, മനുഷ്യര്‍ അവരുടെ ജീവിതങ്ങള്‍; ഇതെല്ലാം അന്വേഷിച്ചുള്ള യാത്രയായിരുന്നു ‘സിന്‍ജാര്‍’ എന്ന സിനിമ. രണ്ടു ദേശീയ പുരസ്‌കാരങ്ങളാണ് സിന്‍ജാര്‍ നേടിയത്. പ്രാദേശിക ഭാഷാ പുരസ്‌കാരവും നവാഗത സംവിധായകന് ഇന്ദിരാഗാന്ധി അവാര്‍ഡും.

Sinjar

ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും ഒരു ദ്വീപില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് സിന്‍ജാര്‍. പൂര്‍ണമായും കവരത്തി ദ്വീപിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇവിടെ നിന്ന് ഇറാഖിലേക്ക് ജോലിക്കു പോകുന്ന രണ്ടു സ്ത്രീകളുടെ കഥയാണിത്. മൈഥിലിയും, ശ്രിന്ദയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐഎസ് ഭീകരര്‍ ആദ്യമായി ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുന്നത് ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യ പിടിച്ചടക്കിയാണ്. അവിടെ ക്രൂരപീഡനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ആയിരക്കണക്കിന് സ്ത്രീകളാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക തൊഴിലാളികളായി പാര്‍പ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മൈഥിലിയുടേയും ശ്രിന്ദയുടേയും കഥാപാത്രങ്ങള്‍ ഇവരുടെ കൈകളില്‍ അകപ്പെടുകയും, ഒടുവില്‍ പരിശ്രമങ്ങളുടെ ഫലമായി നാട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. അവര്‍ സമൂഹത്തില്‍ പിന്നീട് എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നതാണ് സിന്‍ജാര്‍ കൈകാര്യം ചെയ്യുന്ന വിഷയം.

ഏകദേശം 60ഓളം വരുന്ന ലക്ഷദ്വീപ് നിവാസികള്‍ കഥാപാത്രമായും ടെക്‌നിക്കല്‍ നിവാസികള്‍ കഥാപാത്രമായും ടെക്‌നിക്കല്‍ രംഗത്തും സിനിമയിലെ കഥാപാത്രങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പാമ്പള്ളി(സന്ദീപ് പാമ്പള്ളി)യും നിര്‍മ്മാതാവ് ഷിബു ജി സുശീലനും പറയുന്നു.

പൃഥ്വിരാജ് നായകനായ സെവന്‍ത് ഡെ എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു ഷിബു ജി സുശീലന്‍. അദ്ദേഹം ഈ വര്‍ഷം ചെയ്ത ഡോക്യുമെന്ററിക്ക് ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു.

”നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ഭാഷയാണ് ജസരി. മുന്നൂറോളം കൊല്ലം, അതായത് അറയ്ക്കല്‍ ബീവിയുടെ മുന്‍ഗാമിമാരുടെ സമയം മുതലുള്ള ഭാഷ. ആ ഭാഷയ്ക്കും, ലക്ഷദ്വീപിലെ സംസ്‌കാരത്തിനും ജീവിതത്തിനുമെല്ലാം ഒരു പുനര്‍ജന്മം കൊടുക്കുക എന്നതു കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ ഞങ്ങളുടെ ഉദ്ദേശം. ലക്ഷദ്വീപിനെ കുറിച്ച് എത്ര വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ വരുന്നുണ്ട്? അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എത്രത്തോളം അറിവ് നമുക്കുണ്ട്? മാധ്യമങ്ങളുടെയും രാജ്യത്തിന്റെ തന്നെയും ശ്രദ്ധ അങ്ങോട്ടു കൊണ്ടുവരിക എന്നതും ഞങ്ങളുടെ ഉദ്ദേശമായിരുന്നു,” പാമ്പിള്ളി പറയുന്നു.

”സത്യത്തില്‍ എന്റെ ഒരു ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശിനത്തിനായി ലക്ഷദ്വീപില്‍ പോയപ്പോഴാണ് ആദ്യമായി ഈ ഭാഷ കേള്‍ക്കുന്നത്. ഇതിന് പ്രത്യേകിച്ചൊരു ലിപിയോ വ്യാകരണമോ ഒന്നുമില്ല. ഇപ്പോള്‍ അവിടെയുള്ള പുതിയ തലമുറ പോലും ഈ ഭാഷ ഉപയോഗിക്കുന്നില്ല. അതെന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഈ ഭാഷയെ കൂടുതല്‍ ആളുകളിലെത്തിക്കാനുള്ള ഒരു മാര്‍ഗം സിനിമ തന്നെയാണെന്നു തോന്നി. അങ്ങനെയാണ് ഷിബു സാറിനോട് ഇക്കാര്യം പറഞ്ഞത്. സത്യം പറാമല്ലോ, അദ്ദേഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇല്ല. അത്രമാത്രം ഷിബു സാര്‍ ഇതിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്,”

Sandeep Pampally, Shibu G Susheelan

പാമ്പള്ളി, ഷിബു ജി സുശീലൻ

”പാമ്പള്ളി ഈ സിനിമയെ കുറിച്ചു പറഞ്ഞപ്പോള്‍ എന്റെയും മനസില്‍ ആദ്യം തോന്നിയത് ആ ഭാഷയെ പ്രിസര്‍വ് ചെയ്യുക എന്ന ആശയം തന്നെയായിരുന്നു. ഇങ്ങനെ അവാര്‍ഡ് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചതല്ല. ഈ സിനിമ ചെയ്യുന്ന സമയത്തു തന്നെയായിരുന്നു മഹേഷ് നാരായണന്റെ ടേക്ക് ഓഫ് എന്ന സിനിമയും നടന്നിരുന്നത്. അവരെ വിളിച്ചന്വേഷിച്ചപ്പോള്‍ നമ്മുടെ സിനിമയുമായി ബന്ധമില്ലെന്ന് മനസിലായി. സ്ത്രീകേന്ദ്രീകൃതമായാണ് സിന്‍ജര്‍ കഥ പറയുന്നത്. ഇറാഖിലേക്കു നഴ്‌സായി പോകുന്ന രണ്ടു സ്ത്രീകള്‍ ഐഎസ് തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുകയും, ഒടുവില്‍ രക്ഷപ്പെട്ട് തിരിച്ച് നാട്ടിലെത്തുകയുമാണ്. അവര്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നറിയുമ്പോള്‍ സമൂഹം അവരോട് എങ്ങെയാണ് പെരുമാറുന്നത് എന്നാണ് ഈ സിനിമ പറയുന്ന കഥ.”, ഷിബു ജി സുശീലന്റെ വാക്കുകള്‍.

”ജസരി എന്ന ഭാഷ പഠിച്ചെടുക്കുക, അവിടെ ചിത്രീകരിക്കാനുള്ള അനുമതി വാങ്ങുക എന്നീ രണ്ടു കാര്യങ്ങളായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. ഒന്നരവര്‍ഷത്തോളം ഇതിനായി നടന്നിട്ടുണ്ട്. സെൻസർ ബോർഡിലേക്കും ഞങ്ങൾ പ്രത്യേക അപേക്ഷ നൽകുകയായിരുന്നു ജാസരി എന്ന ഭാഷ ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്.” പാമ്പിള്ളിയുടെ വാക്കുകള്‍.

നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ചെയ്തിട്ടുള്ള ആളാണ് പാമ്പള്ളി. ലാടം എന്ന ചിത്രത്തിന് കാനഡയിലെ മുസ്‌കോകോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ബെസ്റ്റ് ഗ്ലോബല്‍ വോയ്‌സ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സിന്‍ജാര്‍ എന്ന സിനിമയിലൂടെ ഈ രണ്ടു മലയാളികള്‍ ഇടം നേടിയത് ലക്ഷദ്വീപിന്റെ ചരിത്രത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ