ന്യൂഡല്‍ഹി: മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പനോരമ ജൂറിയില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് തിരക്കഥാകൃത്തുമായ അപൂര്‍വ അസ്രാണിയും രാജിവച്ചു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. അപൂര്‍വയെ കൂടാതെ ജൂറി അദ്ധ്യക്ഷന്‍ സുജോയ് ഘോഷും, ജൂറി അംഗമായ സംവിധായകന്‍ ഗ്യാന്‍ കൊറിയയും രാജിവച്ചിരുന്നു.

Read More: മന്ത്രിയുടെ ഇടപെടൽ: സുജോയ് ഘോഷ് ജൂറി അധ്യക്ഷസ്ഥാനം രാജിവച്ചു

സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമടക്കം 24 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തിരുന്നത്. നവംബര്‍ ഒന്‍പതിനായിരുന്നു ഇന്ത്യന്‍ പനോരമയിലേക്കുള്ള ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ടത്. എസ് ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ജൂറി അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, തന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചിരുന്നു. ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിനും മന്ത്രാലയത്തിനും ഡയറക്ടര്‍ക്കും എതിരായി പരാതി നല്‍കുമെന്നും ഒരുകൂട്ടം ആളുകള്‍ പ്രതിസ്ഥാനത്തുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ