scorecardresearch
Latest News

ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

കൊൽക്കത്ത: ബംഗാളി സംവിധായകനും, കവിയും, തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു.

1980, 1990 കാലഘട്ടങ്ങളിൽ ബംഗാളിൽ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് ഗൗതം ഘോഷ്, അപർണ സെൻ എന്നിവർക്കൊപ്പം നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അഞ്ചു തവണ നേടിയിട്ടുണ്ട്. ബാഗ് ബഹാദൂർ (1989), ചരാചർ(1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽപുരുഷ് (2008) എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.

1978ൽ ദൂരത്വ, 1993ൽ തഹാദെർ കഥ എന്നീ ചിത്രങ്ങൾക്ക് ബംഗാളിയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. 2000ൽ ഉത്തര, 2005ൽ സ്വപ്നേർ ദിൻ എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ബുദ്ധദേബ് ദാസ്ഗുപ്‌തയുടെ നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി സിനിമാലോകത്തിന്റെ ‘വലിയ നഷ്ടം’ എന്നാണ് മമത പറഞ്ഞത്. റസൂൽ പൂക്കുട്ടിയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബുദ്ധദേബുമായുള്ള ഓർമ്മകൾ പങ്കുവെച്ചു കൊണ്ടുള്ള കുറിപ്പാണ് റസൂൽ പൂക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കവി എന്ന നിലയിലും പ്രശസ്തനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്‌ത. സ്യൂട്ട്കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രെഷ്ഠ കബിത, ഭോമ്പോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: National award winning bengali director buddhadeb dasgupta passes away

Best of Express