അഭിനയത്തിനുള്ള ഉർവ്വശി പുരസ്കാരം സ്വീകരിക്കുമ്പോഴും ശരണ്യ പൊന്‍വണ്ണന്‍ എന്ന നടി മുറുകെ പിടിക്കുന്നത് തന്റെ അമ്മയുടെ തയ്യൽ മെഷീനെയാണ്. അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. തിരിച്ചറിവിന്റെ, തലമുറകളുടെ അദൃശ്യമായ ബന്ധത്തിന്റെ കഥ. ശരണ്യ അഭിനയ മികവിന്റെ പടികള്‍ ചവിട്ടിക്കയറുമ്പോഴും ദൂരെ വീട്ടില്‍ നിര്‍ത്താതെ തിരിയുന്ന ഒരു തയ്യല്‍ മെഷീന്‍ ചക്രത്തിന്റെ കഥ.
സിനിമ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ നിന്നും മകൾ സ്വാഭാവികമായി അഭിനയത്തിലേക്ക് കടന്നപ്പോൾ ആ അമ്മ ഏറെ സന്തോഷിച്ചിരുന്നുവെങ്കിലും, വളരെ കാലമായി താൻ അഭിനിവേശത്തോടെ പിൻതുടരുന്ന തയ്യൽ മകളും പഠിക്കണമെന്ന് അവര്‍ നിഷ്കർഷിച്ചിരുന്നു. എന്നാൽ വെള്ളിവെളിച്ചത്തിന്റെ തിരക്കുകളിലായ മകൾ ഒരിക്കലും അത് ചെയ്തിരുന്നില്ല. പെട്ടെന്നൊരു ദിവസം അമ്മ മരണമടഞ്ഞു. അതിന് ശേഷമാണ് ഒറ്റയ്ക്കായി പോയ ആ തയ്യൽ മെഷീനിന് കൂട്ടാവാൻ ശരണ്യ തീരുമാനിച്ചത്. അവിടെ നിന്നാണ് ശരണ്യ എന്ന ഫാഷൻ ഡിസൈനറുടെ ജനനം.
സംവിധായകനായ അച്ഛന്റെ പാത പിൻതുടർന്നു സിനിമയിൽ സജീവമാകുമ്പോൾ തന്നെ, അമ്മ ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന തയ്യലും താൻ ചെയ്യണമെന്നുറപ്പിച്ചു കൊണ്ട് ഫാഷൻ ഡിസൈനിംഗിന്റെ ലോകത്തേക്ക് അവർ ചുവടു വെച്ചു. ഇന്നവർ 600 ലേറെ സ്ത്രീകൾക്ക് മാർഗ്ഗനിർദ്ദേശമായി മാറിയ ഡിസോഫ്റ്റ് എന്ന ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ തയ്യൽ എന്ന കല അഭ്യസിപ്പിക്കുന്നു.
സാധാരണക്കാരായ സ്ത്രീകളെ ശാക്തീകരിക്കുന്ന, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്ന, അവരുടെ സർഗ്ഗാത്മകതയ്ക്ക് കൂട്ടാവുന്ന ഒരിടമായി മാറിയിരിക്കുകയാണ് ശരണ്യയുടെ ‘ഡീ സോഫ്റ്റ്’. ഇതാണ് സിനിമയിലെന്ന പോലെ ഫാഷൻ ഡിസൈനറുടെ റോളിലും തിളങ്ങുന്ന ശരണ്യയുടെ വിജയത്തിന്റെ കഥ. വിജയമെന്നതിനേക്കാൾ ഇതവർക്ക് തന്റെ അമ്മയെ ഓർമ്മപ്പെടുത്തലാണ്.
ചൈന്നെയിൽ വിരുഗമാക്കത്താണ് ശരണ്യയുടെ ഡി സോഫ്റ്റ് (ഡിസൈനിംഗ് സ്കൂൾ ഓഫ് ഫാഷൻ ടെക്നോളജി) എന്ന സ്ഥാപനം. ഫാഷൻ ഡിസൈനിംഗിലെത്തിയ നാൾവഴികളെ കുറിച്ചും ജീവിതത്തിൽ അമ്മ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും തന്റെ ഫാഷൻ ഡിസൈനിംഗ് സ്കൂളിനെ കുറിച്ചും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് ശരണ്യ പൊൻവണ്ണൻ മനസ്സ് തുറന്നു.
“ഫാഷൻ ഡിസൈനിംഗ് എന്റെ പാരലൽ പ്രൊഫഷനും പാഷനുമൊക്കയാണ്. 23 വർഷങ്ങൾക്ക് മുൻപാണ് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിക്കുന്നത്.
എന്റെ അമ്മ വളരെ നന്നായി തയ്ക്കുമായിരുന്നു. കുട്ടിക്കാലം മുതൽ എന്റെ ഡ്രസ്സുകളെല്ലാം അമ്മയായിരുന്നു തയ്ച്ചത്. അന്നൊന്നും കീറിയതു പോലും തയ്ക്കാൻ മടിയായിരുന്നെനിക്ക്. അമ്മ എന്നെ എപ്പോഴും വഴക്കു പറയും, നീയെപ്പോഴാണ് ഇതൊക്കെ പഠിക്കുന്നത്, നിനക്ക് തയ്യൽ പഠിച്ചു കൂടെ എന്നൊക്കെ ചോദിക്കും.
23 വർഷങ്ങൾക്ക് മുൻപാണ് അമ്മ മരിക്കുന്നത്. അമ്മ മരിച്ചതിൽ പിന്നെ അമ്മയുടെ മെഷീനൊക്കെ വെറുതെ കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നി. അങ്ങനെയാണ് ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിക്കുന്നത്. അമ്മയുടെ അടുത്തു നിന്ന് തയ്യൽ പഠിക്കാതെ പോയതിൽ ഇന്നും വിഷമം തോന്നാറുണ്ട്.
ആദ്യം എന്റെ ഡ്രസ്സുകൾ മാത്രമായിരുന്നു ഞാൻ തയ്ച്ചു കൊണ്ടിരുന്നത്. പിന്നെ സഹോദരന്റെ ഭാര്യയ്ക്കും മക്കൾക്കുമൊക്കെ തയ്ച്ചു കൊടുത്തു തുടങ്ങി. ഞാൻ അറിയാതെ, എന്റെ രക്തത്തിൽ ഡിസൈനിംഗിനോട് ഒരിഷ്ടമുണ്ടെന്ന് മനസ്സിലാവുകയായിരുന്നു.
പിന്നെ ഭ്രാന്തുകയറിയ പോലെ രാത്രിയും പകലുമില്ലാതെ തയ്ക്കും. ഫ്രണ്ട്സ് ആരെങ്കിലും ചോാദിച്ചാൽ അവർക്കു വേണ്ടിയൊക്കെ തയ്ച്ചു കൊടുക്കും. എനിക്ക് രണ്ടു പെൺകുട്ടികൾ ജനിച്ചതോടെ തയ്യലിനോടുള്ള ഭ്രാന്ത് കൂടി. പുതിയ ഓരോ ഡിസൈനുകൾ റിസർച്ച് ചെയ്ത് കണ്ടുപിടിച്ച് തയ്ച്ചു കൊടുക്കും. അവര് കോളേജിലിടുന്ന എല്ലാ ഉടുപ്പുകളും ഞാൻ തയ്ക്കുന്നതാണ്.
സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോഴാണ് ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. ആദ്യം ഒരു ട്യൂഷൻ സെന്റർ പോലെ തുടങ്ങിയതാണ്, ഇപ്പോ 150 ലേറെ സ്റ്റുഡൻസ് ഉണ്ട്. ഡി സോഫ്റ്റ് (ഡിസൈനിംഗ് സ്കൂൾ ഓഫ് ഫാഷൻ ടെക്നോളജി) എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര്. ചൈന്നെയിൽ വിരുഗമാക്കത്തിൽ എന്റെ വീടിന് അടുത്ത് തന്നെയാണ് ഇൻസ്റ്റിറ്റ്യൂട്ടും.
അച്ഛൻ ഞങ്ങളുടെ കൂടെയാണ് താമസം. വിവാഹ ശേഷം അച്ഛനെയും കുട്ടികളുടെയും വീട്ടിലെയും കാര്യം നോക്കി സ്വസ്ഥമായി ഇരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ബിസിനസ്സ് എന്ന രീതിയിൽ തുടങ്ങിയതാണ്. പിന്നെ ടീച്ചിംഗ് വളരെ നോബിൾ ആയുള്ള ഒരു പ്രൊഫഷൻ ആണല്ലോ. പക്ഷേ ഇപ്പോൾ എല്ലാംകൂടി ശരിക്കും ഹെക്റ്റിക്ക് ആയി. വേറെ ഒന്നിനും സമയമില്ല. 10 സ്റ്റാഫുകൾ ഉണ്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ.
തിരക്കുകൾ സമ്മാനിക്കുന്നുണ്ടെങ്കിലും എനിക്കിഷ്ടമാണ് ഈ പാഷൻ. അതെന്റെ അമ്മയെ ഓർമ്മപ്പെടുത്തൽ ആണ്. അമ്മയുടെ സ്വപ്നമായിരുന്നു, ഞാൻ തയ്ക്കണമെന്നത്. പിന്നെയിതൊരു വുമൺ എൻപവർമെന്റ് കാര്യം കൂടിയാണല്ലോ. പല പ്രായത്തിലുള്ള, പലതരം പ്രൊഫഷനിൽ നിന്നു വരുന്ന സ്റ്റുഡൻസ് ഉണ്ടെനിക്ക്. അവരുടെ ജീവിതത്തിലൊക്കെ ഫാഷൻ ഡിസൈനിംഗ് കൊണ്ടു വരുന്ന മാറ്റങ്ങൾ കാണുമ്പോൾ സന്തോഷം തോന്നും. ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാവാൻ കഴിയുന്നു എന്നത് അഭിമാനം സമ്മാനിക്കുന്നു”, ശരണ്യ പറയുന്നു.
വളരെക്കാലത്തിനു ശേഷം ശരണ്യ മലയാളത്തിലേക്ക് വീണ്ടും തിരിച്ചു വരുകയാണ്, മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിലൂടെ. തെരഞ്ഞെടുത്ത വേഷങ്ങള്‍ മാത്രം ഏറ്റെടുക്കുന്ന മികച്ച അഭിനേത്രിയായ അവര്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് ടോവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Read More: ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ അമ്മ: ശരണ്യ പൊന്‍വണ്ണന്‍ അഭിമുഖം