ചെന്നൈ : ആരാധകർക്ക് അപൂർവ വിരുന്നായി മെഗാസ്റ്റാർ രജനി കാന്തും , ഉലക നായകൻ കമലഹാസനും ഒരേ വേദിയിൽ. ക്വലാലംപുരിൽ നടക്കുന്ന ‘നക്ഷത്ര വിഴാ 2018’ എന്ന് പേരിട്ടിരിക്കുന്ന താര നിശയിലാണ് ഇരു നക്ഷത്രങ്ങളുടെയും ചരിത്ര സംഗമം.

തെന്നിന്ത്യയിലെ പ്രമുഖ നടീനടന്മാരുടെ സ്റ്റേജ് പരിപാടികളും , മലേഷ്യയിലെ താരങ്ങളും ,ദക്ഷിണേന്ത്യൻ താരങ്ങളും ഏറ്റുമുട്ടുന്ന കായിക മത്സരങ്ങളും നക്ഷത്ര വിഴയുടെ ഭാഗമായി നടക്കും. രജനികാന്ത് അടക്കമുള്ള താരങ്ങൾ ക്വലാലംപുരിൽ എത്തിക്കഴിഞ്ഞു.

കമലഹാസൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജനുവരി 12 നു ക്വലാലംപൂരിലേക്കു പറക്കും.

വിജയ്, സൂര്യ, ആര്യ, വിശാൽ, വിജയസേതുപതി, ധനുഷ്, വിക്രം, ജയം രവി, ശിവ കാർത്തികേയൻ, സാമന്ത, ഖുശ്‌ബു തുടങ്ങിയ മുൻനിര താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുക്കും.സൗത്ത് ഇന്ത്യൻ ആര്ടിസ്റ്സ് അസോസിയേഷനും ,മാലിക് സ്ട്രീംസ് കോർപ് ,മൈ ഇവെന്റ്സ് ഇന്റർനാഷണൽ എന്നിവയും സംയുക്തമായി ചേർന്നാണ് നക്ഷത്ര വിഴാ സംഘടിപ്പിക്കുന്നത്.

മലയാളത്തിൽ നിന്നടക്കം ഏകദേശം 250 താരങ്ങൾ പരിപാടിയുടെ ഭാഗമാവുമെന്ന് മാലിക് സ്ട്രീംസ് സി ഇ ഓ ദത്തുക് അബ്ദുൽ മാലിക് ദസ്തിൻഗീർ അറിയിച്ചു.

പരിചയ സമ്പന്നരായ 200 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താരങ്ങളുടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത് . ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയാണ് നക്ഷത്ര വിഴാ 2018 .

ക്വലാലംപുരിലെ ബുകിത് ജലീൽ നാഷണൽ സ്റ്റേഡിയത്തിലാണ് പരിപാടി അരങ്ങേറുക. 87000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ട് ഈ സ്റ്റേഡിയത്തിന്.

രജനികാന്ത് ഈ അടുത്ത ദിവസങ്ങളിലായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു- അദ്ദഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട്.കമല ഹാസൻ തന്റെ രാഷ്ട്രീയ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു ശേഷം വരുന്ന ഈ കലാ സംഗമം ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook