അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് നസ്ലന്
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് നസ്ലന് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് നസ്ലന്റെ പേരിലുളള ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു വന്ന കമന്റ് സൃഷ്ടിച്ച പ്രശ്നങ്ങളെ പറ്റി താരം വിവരിക്കുന്നത്.
പ്രധാനമന്ത്രിയ്ക്കു എതിരെയുളള ഒരു കമന്റ് നസ്ലന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു പോസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ അതു തന്റെ അക്കൗണ്ടല്ലെന്ന് നസ്ലന് സ്വയം സ്ഥിരീക്കരിച്ചിരിക്കുകയാണ്. മാത്രമല്ല കാക്കനാട് സൈബര്‍ സെല്ലില്‍ നെസ്ലന്‍ പരാതിയും നല്‍കിയിട്ടുണ്ട്.
‘പലര്‍ക്കും അത് ഒരു വ്യാജ അക്കൗണ്ടാണെന്നു മനസ്സിലായില്ല. ഞാനാണ് അതു ചെയ്തതെന്നു വിശ്വസിച്ച് വിവിധ സംഘടനകള്‍ എനിക്കെതിരെ തിരിഞ്ഞു. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എത്തി അസഭ്യം പറയാനും തുടങ്ങി’ നസ്ലന് ഇന്‍ഡ്യന്‍ എക്സ്പ്രസ് മലയാളത്തോടു പറഞ്ഞു. തനിക്കു ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും, നസ്ലന് എന്നു പേരുളള ഫേസ്ബുക്ക് പേജാണ് ഉള്ളതെന്നും താരം പറയുന്നു.
ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണുകയില്ലെന്നു പലരും പറഞ്ഞതില്‍ വിഷമമുണ്ട്, സ്വയം ചെയ്യാത്ത കാര്യത്തിനു പഴി കേള്‍ക്കേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും നസ്ലന് പറഞ്ഞു. വീഡിയോയ്ക്കൊപ്പം പരാതിയുടെ രസീതും നസ്ലന് ഷെയര്‍ ചെയ്തിട്ടുണ്ട്.
സുദി മാഡിസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ നെയ്മര്‍’ആണ് നെസ്ലന്റെ പുതിയ ചിത്രം.