ന്യുഡൽഹി: ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നസറുദ്ദീൻ ഷാ. കലാകാരൻമാരെയും നടൻമാരെയും ശ്വാസംമുട്ടിക്കുകയും, മാധ്യമപ്രവർത്തകരെ നിശബ്‌ദരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസികളല്ലാത്ത തന്റെ മക്കൾക്ക് നാളെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെക്കുറിച്ച് നസറുദ്ദീൻ ഷാ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആംനസിറ്റി ഇന്ത്യയുടെ രണ്ട് മിനിറ്റ് 14 സെക്കൻഡുകളുള്ള വീഡിയോയിലാണ് നസ്റുദ്ദീൻ ഷാ ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചും, പാവങ്ങൾ അടിച്ചമർത്തപ്പെടുന്നതിനെ കുറിച്ചും സംസാരിച്ചത്.

“1949 നവംബർ 26നാണ് ഭരണഘടനാ സമിതി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. ആദ്യ ഘട്ടം മുതൽ ഭരണഘടനയുടെ ലക്ഷ്യം ഇന്ത്യയിൽ എല്ലാവർക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി ഉറപ്പാകുക എന്നതായിരുന്നു. കൂടാതെ എല്ലാവർക്കും സ്വതന്ത്രമായി ചിന്തിക്കാനും, ആശയാവിഷ്കാരത്തിനും, വിശ്വാസത്തിനും, ഭക്തിക്കും, ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, സമത്വവും ഭരണഘടന അനുശാസിക്കുന്നുണ്ട്. ഒരോ പൗരനും ജീവിക്കാനുള്ള ആവകാശത്തെ ബഹുമാനിക്കേണ്ടതുണ്ട്. രാജ്യത്തെ പാവങ്ങളുടെ വീടുകൾക്കും ഉപജീവനമാർഗത്തിനും സംരക്ഷണം നൽകുന്നവരും, ഉത്തരവാദിത്വത്തെ കുറിച്ച് മാത്രം സംസാരിക്കാതെ പൗരാവകാശങ്ങളെ കുറിച്ചു സംസാരിക്കുന്നവരും, അഴിമതിക്കെതിരെ ശബ്‌ദമുയർത്തുന്നവരും എല്ലാം ചേർന്നാണ് ഭരണഘടനയെ സംരക്ഷിക്കുന്നത്,” എന്നദ്ദേഹം പറഞ്ഞു.

“എന്നാൽ ഇത്തരക്കാരെ പൂട്ടി ഇടുകയാണ് പതിവ്. കലാകാരർ, അഭിനേതാക്കൾ, ബുദ്ധിജീവികൾ, കവികൾ എല്ലാവരെയും ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുകയാണ്. മതങ്ങളുടെ പേരിൽ വിദ്വേഷത്തിന്റെ മതിലുയർത്തുകയാണ്. പാവങ്ങൾ കൊല്ലപ്പെടുകയാണ്. രാജ്യം കടുത്ത വിദ്വേഷത്തിലൂടെയും, ക്രൂരതയയിലൂടെയുമാണ് കടന്നു പോകുന്നത്. അനീതിക്കെതിരെ പോരാടുന്നവരുടെ ഓഫീസുകൾ റെയ്‌ഡ് ചെയ്യുകയാണ്, അവരുടെ ലൈസൻസ് റദ്ദാക്കുന്നു, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു, അവർ നിശബ്‌ദരാക്കപ്പെടുന്നു. ഇതെല്ലാം സത്യം പറയാതിരിക്കാൻ വേണ്ടി ചെയ്യുന്നതാണ്” നസറുദ്ദീൻ ഷാ പറഞ്ഞു.

അടിച്ചമർത്തപ്പെട്ടവരുടെയും ആക്രമിക്കപ്പെട്ടവരുടേയും അവകാശങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തി കൊണ്ടാണ് നസറുദ്ദീൻ ഷാ വീഡിയോ അവസാനിപ്പിക്കുന്നത്. “നമ്മുടെ ഭരണഘടന എവിടെയാണ് എത്തി നിൽക്കുന്നത്? വിയോജിപ്പ് പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒരു രാജ്യമാണോ നാം സ്വപ്നം കണ്ടത്?, അല്ലെങ്കിൽ ശക്തരുടെ മാത്രം ശബ്ദം കേട്ടാൽ മതിയെന്നാണോ, പാവങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടേ?”അദ്ദേഹം ചോദിക്കുന്നു.

കഴിഞ്ഞ ഒക്ടോബറിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്ത്യയുടെ ഡയറക്ടർ ആകാർ പട്ടേലിന്റെ വസതിയും, ആസ്ഥാനവും റെയ്‌ഡ് ചെയ്തിരുന്നു. 36 കോടിയുടെ വിദേശ ഫണ്ടുകൾ ലഭിച്ചുവെന്ന് ആരോപിച്ചായിരുന്നു റെഡ്‌ഡ്.

മനുഷ്യാവകാശങ്ങൾക്കായി നിലനിൽക്കുന്ന സംഘടനകളെ ക്രിമിനൽ സംരംഭങ്ങളായാണ് മോദി കണക്കാക്കുന്നതെന്ന് ആംനെസ്റ്റി ആരോപിക്കുന്നു. മോദി സർക്കാരിന്റെ അടിയന്തരാവസ്ഥക്കാലത്തെ പോലെയുള്ള അടിച്ചമർത്തലുകളെ അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ ചരിത്രത്തിൽ കരിനിഴൽ വീഴ്ത്തിയ കാലഘട്ടമായിരുന്നു. ആ കാലഘട്ടത്തിന്റ നിഴൽ ഇപ്പോൾ ഇന്ത്യയ്ക്ക് മേലിൽ വീഴ്ന്നുണ്ടെന്നും ആംനസ്റ്റി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook