/indian-express-malayalam/media/media_files/2025/12/18/narain-interview-pharma-ott-2025-12-18-17-27-51.jpg)
കമൽഹാസന്റെ കടുത്ത​ ആരാധകനായ ഒരു കുട്ടി, വളരുന്തോറും സിനിമയെന്ന സ്വപ്നവും ഉള്ളിൽ വളർന്നു. ഡിഗ്രി കഴിഞ്ഞതോടെ സിനിമയുടെ ലോകം തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അഭിനയം പഠിക്കാൻ വീട്ടിൽ നിന്ന് എന്തായാലും വിടില്ല. എന്നാൽ പിന്നെ സിനിമോറ്റോഗ്രാഫി ആയാലോ? ഒടുവിൽ ആ തീരുമാനത്തിന് പാതിമനസ്സോടെ വീട്ടുകാർ സമ്മതം മൂളി. അങ്ങനെ ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാറ്റോഗ്രഫിയിൽ ഡിപ്ലോമ നേടി. രാജീവ് മേനോന്റെ ക്യാമറ അസിസ്റ്റന്റ് ആയിട്ടായിരുന്നു നരേന്റെ സിനിമാജീവിതം തുടങ്ങിയത്.
Also Read: Pharma Review: മരുന്ന് മാഫിയയുടെ മുഖംമൂടി അഴിക്കുമ്പോൾ, ഇതൊരു വെബ് സീരീസ് വിപ്ലവം; 'ഫാർമ' റിവ്യൂ
പക്ഷേ, നടനാവാനുക എന്നതായിരുന്നു നരേനെ കാത്തിരുന്ന നിയോഗം. 2002ൽ, അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ മകനായി അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്കിപ്പുറം, തന്റെ പ്രിയതാരം കമൽഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തിലും നരേൻ അഭിനയിച്ചു.
കഴിഞ്ഞ 23 വർഷമായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച നരേൻ ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിലും ചുവടുവെക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിന്റെ 'ഫാർമ' എന്ന വെബ് സീരീസിലൂടെയാണ് നരേന്റെ ഈ പുതിയ തുടക്കം.
പി ആർ അരുൺ സംവിധാനം ചെയ്യുന്ന ഫാർമ, നരേന്റെ മാത്രമല്ല, നിവിൻ പോളി, ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാർ എന്നിങ്ങനെ ഒരുപിടി അഭിനേതാക്കളുടെയും ആദ്യ വെബ് സീരീസാണ്.
Also Read: ഇതെനിക്ക് മലയാളത്തിലേക്ക് തിരികെ വരാനുള്ള സമയം: രജിത് കപൂർ
ഫാർമയിലേക്കുള്ള യാത്രയെ കുറിച്ചും ഡോ. വിജയ് എന്ന തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നരേൻ.
"വെബ് സീരീസ് എന്നു കേൾക്കുമ്പോഴെല്ലാം, യൂണീക് കോൺസെപ്റ്റ് ആണെങ്കിൽ മാത്രം ചെയ്യുക എന്നതായിരുന്നു തീരുമാനം. ഫാർമയുടെ കഥ കേട്ടപ്പോൾ ഇതു പറയപ്പെടേണ്ട ഒരു വിഷയമാണെന്നു തോന്നി. ഈ വിഷയം ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്നാണെന്നും. ഫണ്ണിനോ എന്റർടെയിൻമെന്റിനോ വേണ്ടിയുള്ള സീരീസ് എന്നതിനപ്പുറം, നമ്മുടെ എല്ലാവരുടെയും ജീവിതവുമായി കണക്റ്റഡ് ആണ് ഫാർമ പറയുന്ന വിഷയങ്ങൾ. ആരോഗ്യമേഖല, ഫാർമയുടെ ലോകം.... അതിനുള്ളിൽ നടക്കുന്ന നമുക്ക് അറിയാത്ത കുറേ കാര്യങ്ങളുണ്ട്. കഥ കേട്ടപ്പോൾ തന്നെ ഇതു ചെയ്യണമെന്ന് തോന്നി," നരേന്റെ വാക്കുകളിങ്ങനെ.
"പിന്നെ, നിവിൻ പോളി ലീഡ് ആയി വരുന്നു. അതും ഒരു അട്രാക്ഷൻ ആയിരുന്നു. ഫസ്റ്റ് സീസണിന്റെ എൻഡിംഗ് ആവുമ്പോഴാണ് എന്റെ കഥാപാത്രം വരുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ കഥാപാത്രത്തിനു വരേണ്ടി വരികയാണ്. അടുത്ത സീസണുണ്ടെങ്കിൽ അതിലാവും ആ കഥാപാത്രത്തിനു കുറച്ചുകൂടി പ്രാധാന്യം ലഭിക്കുക എന്നു തോന്നുന്നു," നരേൻ കൂട്ടിചേർത്തു.
Also Read: IFFK 2025: വേരുകൾ നഷ്ടപ്പെടുന്നവരുടെ കഥ പറഞ്ഞ് 'പലസ്തീന്‍ 36'
രജിത് കപൂറിനൊപ്പമുള്ള അനുഭവം
ഞങ്ങൾക്ക് ഒന്നിച്ച് അധികം രംഗങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോഴാണ് അഗ്നിസാക്ഷി കണ്ടത് എന്നാണ് ഓർമ. അന്നേ ഇഷ്ടമുള്ള നടനാണ്. സാഹിത്യത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ നല്ല അറിവുള്ളയാളാണ് അദ്ദേഹം. ഫാർമ ഷൂട്ടിനിടയിലും ഗോവ ഫെസ്റ്റിവലിനൊക്കെ പോയ സമയത്തും അദ്ദേഹത്തിനൊപ്പം കുറച്ചധികം സമയം ചെലവഴിക്കാൻ പറ്റി. അതൊരു നല്ല അനുഭവമായിരുന്നു.
പുതിയ റിലീസുകൾ
കുറച്ചു പടങ്ങൾ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിൽ ആഘോഷമാണ് വരാനുള്ള ചിത്രം. ഡിസംബറിൽ ആഘോഷം തിയേറ്ററുകളിലെത്തും. തമിഴിൽ മൂന്നു പടങ്ങൾ ഇറങ്ങാനുണ്ട്. മിഷ്കിന്റെ കൂടെ 'ട്രെയിൻ' എന്ന ചിത്രം. ഓഡിനറി സംവിധായകൻ സുഗീതിന്റെ തമിഴ് ചിത്രം 'ആത്മ'. ആത്മയിൽ വളരെ ചലഞ്ചിംഗായ കഥാപാത്രമാണ്, അൽപ്പം ഓട്ടിസ്റ്റിക്കായൊരു കഥാപാത്രം. പിന്നെ വിജയ് ചിത്രം ജനനായകനിലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജനുവരി 9ന് ജനനായകൻ തിയേറ്ററുകളിലെത്തും.
Also Read: IFFI 2025: സ്വപ്നങ്ങളിലെ ബലൂണുകളും യാഥാർത്ഥ്യത്തിലെ മീൻ മണവും! 'ഹാപ്പി ബർത്ത്ഡേ' പറയുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us