Nanpakal Nerathu Mayakkam Movie Release and Review Live Updates: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിലെത്തി. മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. “നൻപകൽ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകൻ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!,” എന്നാണ് ചിത്രം കണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ കുറിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മമ്മൂട്ടി സ്ക്രീനിലെത്തുമ്പോൾ അത് ആഘോഷമാക്കുകയാണ് ആരാധകർ.
ഫൺ, ഫാമിലി ചേർന്ന് ചിത്രമെന്നാണ് ആദ്യഭാഗം കണ്ടതിനു ശേഷം പ്രേക്ഷകർ പ്രതികരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ ‘നൻപകൽ നേരത്ത് മയക്ക’ത്തിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് നിറയുന്നത്.
” മനോഹരമായ ഒരു ചെറുകഥ വായിച്ചു തീരുമ്പോഴുള്ള അനുഭൂതിയാണ് 'നൻപകൽ നേരത്ത് മയക്കം' സമ്മാനിക്കുന്നത്. പകലുറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ, ചിത്രം കണ്ടിറങ്ങിയാലും കുറച്ചുനേരം കാഴ്ചക്കാരിൽ ചിത്രമുണ്ടാക്കിയ അനുരണനങ്ങൾ ബാക്കി നിൽക്കും. ആരുടെ സ്വപ്നമായിരുന്നു സുന്ദരം? എന്താണ് ജെയിംസിന് യഥാർത്ഥത്തിൽ സംഭവിച്ചത്? ശേഷിക്കുന്ന ചോദ്യങ്ങളൊക്കെ പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കുകയാണ് തിരക്കഥാകൃത്തായ എസ് ഹരീഷ്. വീണ്ടുമൊരു ലിജോ മാജിക്കിന് സാക്ഷിയാവാൻ, മമ്മൂട്ടിയുടെ വിസ്മയ നടനം കാണാൻ ധൈര്യമായി ചിത്രത്തിന് ടിക്കറ്റ് എടുക്കാം. വേറിട്ടൊരു കാഴ്ചയുടെ സുന്ദരലോകമാണ് ലിജോയും കൂട്ടരും ഒരുക്കിവച്ചിരിക്കുന്നത്,” ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ ലേഖിക ധന്യ കെ വിളയിൽ പറയുന്നു.
റിവ്യൂ വായിക്കാം: പകൽ കിനാവു പോലെ സുന്ദരം; 'നൻപകൽ നേരത്ത് മയക്കം' റിവ്യൂ
ചിത്രത്തിന്റെ ഫസ്റ്റ് ഷോ വിവിധ തിയേറ്ററുകളിൽ ആരംഭിച്ചു