Nanpakal Nerathu Mayakkam OTT: മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ജനുവരി 19ന് റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്‌ഫ്ലിക്‌സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
കേരളത്തിലെ ഒരു നാടകസംഘം പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒരു വേളാങ്കണ്ണി യാത്രയ്ക്ക് എത്തുകയാണ്. നാടക ട്രൂപ്പിന്റെ സാരഥിയായ ജെയിംസും ഭാര്യയും മകനും അമ്മായിയപ്പനും അടക്കം മുതിർന്നരും കുട്ടികളുമായി ഒരു ജാഥയ്ക്കുള്ള ആളുകളുണ്ട് ആ ബസ്സിൽ. മടക്കയാത്രയിൽ ഭക്ഷണവും കഴിച്ച് ഡ്രൈവറൊഴികെ മറ്റെല്ലാവരും ഒരു ഉച്ചയുറക്കത്തിലേക്ക് തെന്നിവീണ സമയം. പെട്ടെന്ന് ഞെട്ടിയുണർന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. ഒരു ഉൾവിളിയാൽ വണ്ടിയിൽ നിന്നിറങ്ങി നടക്കുന്ന ജെയിംസ് ചെന്നെത്തുന്നത് ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിലാണ്. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.