മാനസിക വ്യാപാരങ്ങളിലെ മാറ്റങ്ങൾ മലയാള സിനിമ എന്നും അതീവ താത്പര്യത്തോടെ സംസാരിച്ച വിഷയമാണ്. തമാശയും ഭീതിയും അനുതാപവും നിറക്കുന്ന നിലയിലും കഥാപാത്രങ്ങളുടെ മാനസികനിലയിലെ വ്യതിയാനങ്ങൾ സിനിമകൾ ചർച്ച ചെയ്തു. ‘കുരുതിക്കളം,’ ‘ഇരുട്ടിന്റെ ആത്മാവ്,’ ‘ഭാർഗവി നിലയം,’ ‘ഗന്ധർവ ക്ഷേത്രം,’ ‘അനന്തരം,’ ‘നിദ്ര,’ ‘അഹം,’ ‘തനിയാവർത്തനം,’ ‘മൂക്കില്ലാ രാജ്യത്ത്,’ ‘മണിച്ചിത്രത്താഴ്,’ ‘വടക്കുനോക്കിയന്ത്രം,’ ‘എന്ന് സ്വന്തം ജാനകി കുട്ടി,’ ‘ഭൂതക്കണ്ണാടി,’ ‘വിസ്മയം,’ ‘വടക്കുംനാഥൻ,’ ‘മുന്നറിയിപ്പ്’ തുടങ്ങി അതാത് കാലങ്ങളെ കാഴ്ചകൾ കൊണ്ടും വ്യാഖ്യാനങ്ങൾ കൊണ്ടും സമ്പന്നമാക്കിയ സിനിമകളാണ് ഇവയിൽ ഭൂരിഭാഗവും. മലയാളത്തിലെ തന്നെ ക്ലാസ്സിക്കുകളായി ഇവയിൽ പലതും മാറി. കാലം, ബോധ്യങ്ങൾ, സാധ്യതകൾ ഇവക്കനുസരിച്ചു സിനിമകളിലെ മാനസികാരോഗ്യ പരിഗണനകളും അവയുടെ ചിത്രീകരണവുമൊക്കെ മലയാളത്തിലും മാറി മറിഞ്ഞു വന്നു.
ലിജോ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി, എസ് ഹരീഷ് ടീമിന്റെ ‘നൻപകൽ നേരത്ത് മയക്കം,’ ‘ഇൻസാനിറ്റി’ ചിത്രീകരിച്ച സിനിമയാണോ എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയാൻ ബുദ്ധിമുട്ടാണ്. പക്ഷേ പല നിലക്ക് ഇത്തരം സിനിമകളുടെ തുടർച്ചയാണ് ‘നൻപകൽ നേരത്ത് മയക്കം.’ ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളിലുമുള്ള തുറന്ന, അനന്തമായ സാധ്യതകളിലാണ് സിനിമയുടെ ഒരു നിലനിൽപ്പ്. ഫ്രോയിഡിയൻ രീതിയിലുള്ള പഠനങ്ങൾ മുതൽ ഓ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വുമായി ബന്ധപ്പെടുത്തി വരെ സിനിമക്ക് ഇതിനോടകം പഠനങ്ങൾ വന്നു കഴിഞ്ഞു. ‘മണിച്ചിത്രത്താഴി’നു ശേഷം ഈ നിലക്ക് ഈ വിഷയം ഇത്രയുമധികം ചർച്ചയായ സിനിമകൾ മലയാളത്തിലുണ്ടാവുമോ എന്ന് സംശയമാണ്. ‘മണിച്ചിത്രത്താഴി’ലെ കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഗംഗയിൽ നിന്ന് ‘നൻപകൽ നേരത്ത് മയക്ക’ത്തിലെ കഥയായി മാറിയ ജെയിംസിലേക്ക് വരുമ്പോൾ സിനിമ എന്ന രീതിയിൽ അതിനെ ഒരുപാട് രീതിയിൽ വായിക്കാനും മാറ്റി വായിക്കാനുമുള്ള സാധ്യതകൾ തരുന്നുണ്ട്.
എല്ലാ വ്യാഖ്യാന സാധ്യതകൾക്കുമപ്പുറം ബോധത്തിൽ നിന്ന് പല നിലക്ക് അകന്നു മാറിയ കഥാപാത്രങ്ങളിലെത്തുമ്പോൾ മമ്മൂട്ടിക്ക് സംഭവിക്കുന്ന ഒരു സവിശേഷ വഴക്കമുണ്ട്. ‘അയ്യർ ദി ഗ്രേറ്റി’ലെ സൂര്യ നാരായണനിലും ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷിലും ‘സൂര്യ മാനസ’ത്തിലെ പുട്ടുറുമീസിലും ‘ഭൂതക്കണ്ണാടി’യിലെ വിദ്യാധരനിലും ‘മുന്നറിയിപ്പി’ലെ സി കെ രാഘവനിലും ‘റോഷാക്കി’ലെ ലൂക്ക് ആന്റണിയിലുമൊക്കെ പല വിധ ‘ഭ്രാന്തുകളെ’ മമ്മൂട്ടി അടയാളപ്പെടുത്തുന്നുണ്ട്. ഈ സിനിമകളിൽ നിന്നൊക്കെ ഒരുപാട് മാറി നടക്കുന്നുണ്ട് ‘നൻപകൽ നേരത്ത് മയക്കം.’ ജെയിംസും സുന്ദരവും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഇത്തരം കഥാപാത്രങ്ങളുടെ തുടർച്ച കൂടിയാണ്.
ജെയിംസായും സുന്ദരമായും ജീവിക്കുക എന്നതാണ് മമ്മൂട്ടി എന്ന നടൻ സ്ക്രീനിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തമിഴ് പാട്ടും തമിഴ് ഭക്ഷണവും ഇഷ്ടമല്ലാത്ത, ചായയിൽ പഞ്ചസാര ഇഷ്ടമല്ലാത്ത ഒരാളാണ് ജെയിംസ്. അയാൾ ഈശ്വര വിശ്വാസത്തിലും പ്രായോഗികതയെ മുറുകെ പിടിക്കുന്നു. ഒരു പകലുറക്കത്തിനപ്പുറം സുന്ദരമാവുമ്പോൾ അയാൾ കാണുന്ന ദൈവ വിഗ്രഹങ്ങൾക്ക് മുൻപിലെല്ലാം നമസ്ക്കരിക്കുന്നു. നല്ല മധുരമിട്ട ചായ പാൽ വില്പനകാരനായ അയാളുടെ ദൗർബല്യമാണ്. അയാളുടെ വീട്ടിൽ തമിഴ് പാട്ടുകളും സിനിമകളും എപ്പോഴും ഓടിക്കോണ്ടേയിരിക്കുന്നു. അയാളുടെ ജീവിതത്തിന്റെ പശ്ചാത്തല സംഗീതം തന്നെ തമിഴ് പാട്ടുകളാണ്. വളരെയധികം ശാന്തമായ ഫ്രെയിമുകളിൽ, മറ്റ് വലിയ ഭാവങ്ങൾ കടന്നു വരാതിരിക്കുമ്പോൾ മുഴുവൻ ഈ മാറ്റത്തിന് സിനിമ മുഴുവനായും ആശ്രയിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. അയാൾക്ക് ചുറ്റുമുള്ളവർ അതിവൈകാരികമായി അയാളെ തേടുമ്പോഴും അയാൾ ആരെന്ന് ആശങ്കപ്പെടുമ്പോഴുമൊക്കെ അയാൾ വളരെ സ്വാഭാവികമായി ജീവിക്കുകയാണ്. ഒരു കനത്ത പശ്ചാത്തല സംഗീതത്തിന്റെ പോലും പിന്തുണയില്ലാതെ തന്റെ നടത്തം കൊണ്ടും ചലനങ്ങൾ കൊണ്ടും ഒരു കഥാപാത്രത്തെ പൂർണതയിലേക്ക് കൊണ്ട് പോകുന്നു മമ്മൂട്ടി. അവസാനം മാത്രമാണ് അയാളൊന്ന് വൈകാരികമായി സംസാരിക്കുന്നത് പോലും. ‘ഇയാളിനി എന്ത് ചെയ്യും’ എന്ന പ്രേക്ഷക ആശങ്കയോട് ഒരു നടൻ ഒറ്റക്ക് പ്രതികരിക്കുന്നു.
‘നൻപകൽ നേരത്ത് മയക്കം’ നേരത്തെ സൂചിപ്പിച്ച പോലെ ഒരുപാട് വായനകൾക്ക് സാധ്യത തരുന്ന സിനിമയാണ്. പലപ്പോഴും ഒരു ചെറുകഥ വായിക്കും പോലുള്ള അനുഭവം സിനിമ നൽകും. ഒരു സ്റ്റാറ്റിക്ക് ഷോട്ട് മുതൽ എന്തും ജെയിംസിന്റെ അല്ലെങ്കിൽ സുന്ദരത്തിന്റെ ജീവിതത്തിലേക്ക് നമ്മളെ കൊണ്ട് പോകാം. ‘തിരുക്കുറൽ’ മുതൽ 1960കൾ മുതലുള്ള തമിഴ് സിനിമ, സിനിമാ ഗാനങ്ങളുടെ റെഫറൻസ് ഒക്കെ ഇതിലുണ്ട്. അതിലൊക്കെ നമ്മൾ ഒരു ജീവിതത്തിനുള്ളിൽ ജീവിക്കുന്ന അനേകായിരം ജീവിതങ്ങളെ പറ്റിയാണ് പറയുന്നത്.
ജീവിതം മുഴുവൻ ഒരു വേദിയാണ് എന്ന അടിസ്ഥാന തത്വമാണ് സിനിമയുടേത്. തിരുവരുർ കെ തങ്കരാജിന്റെ നാടകത്തെ അടിസ്ഥാനമാക്കി 1954 ൽ പുറത്തിറങ്ങിയ ‘രക്ത കണ്ണീർ’ മുതൽ തിലകൻ സാരഥി തീയറ്ററിന് വേണ്ടി സംവിധാനം ചെയ്ത ‘ഒരിടത്ത്’ എന്ന നാടകത്തെ വരെ സിനിമ പല നിലയിൽ പശ്ചാത്തലമായി ഉപയോഗിക്കുന്നുണ്ട്. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ റെഫെറൻസുകൾ മുഴുവൻ സ്വന്തം അഭിനയത്തിലൂടെ പരിഭാഷപ്പെടുത്തി കൊടുക്കുക എന്ന ജോലിയും മമ്മൂട്ടി പലയിടത്തും ഒറ്റക്ക് ചെയ്യുന്നുണ്ട്. ഇത് ചെയ്യുമ്പോൾ ഉള്ള അനായാസതയാണ് ഈ സിനിമയുടെ ആത്മാവ്.
പൊതുവെ വളരെ ലൗഡ് ആയാണ് മാനസിക വ്യതിയാനങ്ങളെ സിനിമകൾ ഉപയോഗിക്കാറുള്ളത്. ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷും ‘സൂര്യമാനസ’ത്തിലെ പുട്ടുറുമീസുമൊക്കെ പല നിലക്ക് ഈ സാധ്യതയെ ഉപയോഗിച്ചിട്ടുണ്ട്. വിദ്യാധരനിലൂടെ മാത്രമാണ് ‘ഭൂതക്കണ്ണാടി’ എന്ന ആ സിനിമ സഞ്ചരിക്കുന്നത്. ‘മുന്നറിയിപ്പി’ലും ‘റോഷാക്കി’ലുമെത്തുമ്പോൾ കാലത്തിനൊത്ത് ഈ ഉറക്കെയുള്ള അഭിനയത്തിന് മാറ്റം വരുന്നു. ‘നൻപകൽ നേരത്ത് മയക്ക’ത്തിലേത്തുമ്പോൾ അയാൾ പല സാധ്യതകളിൽ ഒന്നാണ്. സിനിമയിലെ കരിമ്പനകാറ്റിനു പോലും കഥകൾ പറയാനുള്ള സാധ്യതകൾ ലിജോ ജോസ് പെല്ലിശെരിയും തേനി ഈശ്വറും എസ് ഹരീഷും ചേർന്ന് തുറന്നിടുന്നുണ്ട്. അത്തരം ഡീകോഡിങ്ങിനിടയിൽ തന്നിലെ നടന് നൽകാവുന്ന സാധ്യതകൾ മുഴുവൻ കാണുന്നവർക്ക് നൽകിയാണ് മമ്മൂട്ടി സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. അയാളുടെ അസാന്നിധ്യങ്ങളിലും അയാളെ നിറക്കാൻ അയാൾക്കാവുന്നു.
ആരാണ് സ്ക്രീനിൽ വരുന്നത് എന്നത് സിനിമയുടെ പൂർണമായ കാഴ്ചക്ക് വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അഭിനേതാവ് എന്ന നിലയിൽ ഒരാൾ ഇവിടെ ബാക്കി വെക്കുന്നത് സിനിമയോളം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവണം. സിനിമയിൽ ഇല്ലാതിരിക്കുകയും സിനിമയെ കവിഞ്ഞു നിൽക്കുകയും ചെയ്യുന്ന അഭിനേതാവിനെക്കാൾ കാണുന്നവർ ഇവരെയോർക്കും. ഒരു ഉറക്കത്തിനും ഉണർവിനുമിടയിൽ നമ്മൾ ജീവിക്കുന്ന തീർത്തും അന്യമായ വേഷത്തെ കുറിച്ച് പറഞ്ഞു ‘നൻപകൽ നേരത്ത് മയക്കം’ ഇവിടെ നില നിൽക്കുന്നതിനൊപ്പം മമ്മൂട്ടിയാണ് ചെയ്തതെന്നത് കൊണ്ട് മാത്രം ജെയിംസും സുന്ദരവും ഇവിടെ നില നിൽക്കും.